മണിമല: കോട്ടയം പത്തനംതിട്ട ജില്ലകളുടെ അതിർത്തിയിൽ ഉൾപ്പെടുന്ന മണിമലയിൽ യാത്രാ സൗകര്യം ലഭ്യമല്ലാതെ യാത്രക്കാർ വലയുന്നു. മണിമല റാന്നി റൂട്ടിൽ മണിക്കൂറുകളോളം ബസ്സിനായി കാത്തു നിൽക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ. മണിമലയിൽ നിന്നും നിരവധിപ്പേരാണ് ജോലിക്കായും മറ്റ് ആവശ്യങ്ങൾക്കായും റാന്നിയിലേക്ക് ദിവസേന യാത്ര ചെയ്യുന്നത്. കോവിഡ് മൂലം ജനങ്ങൾ പൊതുഗതാഗതത്തെ കൂടുതലായി ആശ്രയിക്കാത്തത് മൂലമാണ് ഭൂരിഭാഗം ബസ്സുകളും സർവ്വീസ് നിർത്തി വെച്ചിരിക്കുന്നത്. വരുമാന നഷ്ടവും ചെലവും ചൂണ്ടിക്കാട്ടിയാണ് ബസ്സുകൾ സർവ്വീസ് നടത്തുന്നതിൽ നിന്നും പിന്തിരിഞ്ഞിരിക്കുന്നത്. പുനലൂർ മൂവാറ്റുപുഴ ദേശീയ പാതയുടെ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ മണിമല മുതൽ റാന്നി വരെയുള്ള ഭാഗത്ത് റോഡുകൾ താറുമാറായി കിടക്കുന്നതും ബസ്സുകൾ സർവ്വീസ് നടത്താത്തതിന് ഒരു കാരണവുമാണ്. വിരലിലെണ്ണാവുന്ന ബസ്സുകൾ മാത്രമാണ് മണിമല റാന്നി റൂട്ടിൽ സർവ്വീസ് നടത്തുന്നതെന്ന് യാത്രക്കാർ പറഞ്ഞു. സ്വകാര്യ ബസ്സുകൾ കൂടുതലായി സർവ്വീസ് നടത്തിയിരുന്ന റൂട്ടാണ് മണിമല റാന്നി. റാന്നി കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും മണിമല വഴി കോട്ടയത്തേക്ക് ഒരു കെ എസ് ആർ ടി സി ബസ്സ് സർവ്വീസ് നടത്തുണ്ട്. 

        ചിലപ്പോൾ ഒന്നര രണ്ടു മണിക്കൂറുകളോളം കാത്തു നിന്നാൽ മാത്രമാണ് ഒരു ബസ്സ് എത്തുന്നതെന്നും യാത്രക്കാർ പ്രതികരിച്ചു. മണിമല എരുമേലി റൂട്ടിൽ ബസ്സുകൾ സർവ്വീസ് നടത്തുന്നതിനാൽ ഈ മേഖലയിൽ യാത്രാ ക്ലേശമില്ല. പൊന്തൻപുഴ,പ്ലാച്ചേരി,മുക്കട തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നവർക്ക് എരുമേലി റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസ്സുകളെയും ആശ്രയിക്കാവുന്നതിനാൽ ബുദ്ധിമുട്ടുണ്ടാകുന്നില്ല. റാന്നിയിലേക്ക് പോകുന്നവരാണ് കൂടുതൽ യാത്രാ ക്ലേശം അനുഭവിക്കുന്നത്. മണിമലയിൽ നിന്നും കാഞ്ഞിരപ്പള്ളിക്കും പൊൻകുന്നത്തിനും ചങ്ങനാശ്ശേരിക്കും ബസ്സുകൾ കാര്യക്ഷമമായി സർവ്വീസ് നടത്തുണ്ട്.