കുറവിലങ്ങാട്: ചരിത്ര പ്രാധാന്യം ഒരുപാടുള്ള മുനിയറകൾ കാണാനായി ഇനി മൂന്നാറിലെ മറയൂർ വരെ പോകേണ്ട. നമ്മുടെ സ്വന്തം കോട്ടയം ജില്ലയിലും കാണാം ഈ മുനിയറ. കുറവിലങ്ങാട് അടുത്ത്‌ കുര്യം എന്ന സ്ഥലത്താണ് ഈ മുനിയറ സ്ഥിതി ചെയ്യുന്നത്. മഹാശിലാ സംസ്ക്കാരത്തിന്റെ ഭാഗമാണ് മുനിയറകൾ എന്നും മുനിമടകൾ എന്നും അറിയപ്പെടുന്ന ഈ ഗുഹകൾ. ദക്ഷിണേന്ത്യയില്‍ കണ്ടെത്തിയിട്ടുള്ള ഇത്തരം പല ഗുഹകളും ബൗദ്ധ-ജൈന സന്യാസിമാരുടെ വാസസ്ഥലങ്ങളായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ സ്ഥാപിച്ചിട്ടുണ്ട്. കുറവിലങ്ങാട് - ഏറ്റുമാനൂർ എം സി റോഡിൽ കുര്യം കുരിശു പള്ളി കഴിഞ്ഞ് ഇടത്തോട് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ വലത് വശത്തുള്ള റബ്ബർ തോട്ടത്തിലാണ് മുനിയറ ചരിത്ര പ്രാധാന്യത്തോടു കൂടി തന്നെ സംരക്ഷിച്ചിരിക്കുന്നത്. എബ്രാഹം എന്ന അധ്യാപകന്റെ റബ്ബർ തോട്ടത്തിലാണ് മുനിയറ സ്ഥിതി ചെയ്യുന്നത്. തന്റെ റബ്ബർ തോട്ടത്തിലെ മുനിയറ ഇന്നും കേടു കൂടാതെ സംരക്ഷിച്ചിരിക്കുകയാണ് ഇദ്ദേഹം. കേരളത്തിനു പുറമേ അയർലന്റ്, നെതർലന്റ്, ഫ്രാൻസ്, റഷ്യ, കൊറിയ, സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇത്തരം ശിലാനിർ‌മ്മിതികൾ കണ്ടെത്തിയിട്ടുണ്ട്. ഡോൾ‌മൻ അഥവാ ശവക്കല്ലറ എന്നാണ് ഇവിടങ്ങളിൽ അറിയപ്പെടുന്നത്. 

ചിത്രം:രമേശ് കിടങ്ങൂർ.