മലയാളം ഉൾപ്പടെ 4 ഭാഷകളിലെ വാർത്താ ചാനലുകളെ ഉൾപ്പെടുത്തി ആപ്ലിക്കേഷൻ നിർമ്മിച്ചത് ഒൻപതാം ക്ലാസുകാരനായ മുഹമ്മദ് സിദാൻ.
ഈരാറ്റുപേട്ട: കോവിഡ് മൂലം സ്‌കൂളുകൾ അടഞ്ഞു കിടക്കുന്നതിനാൽ വിദ്യാർത്ഥികൾ എല്ലാവരും ഇപ്പോൾ ഓൺലൈൻ ക്ലാസ്സുകളുമായി വീട്ടിൽ തന്നെയാണ്. ഈ ലോക്ക് ഡൗൺ കാലം വൈവിധ്യങ്ങളായ രീതിയിൽ പ്രയോജനപ്പെടുത്തിയ നിരവധി കൊച്ചു കൂട്ടുകാരെ നമ്മളെ ഇതിനോടകം തന്നെ പല മാധ്യമങ്ങളിൽ കൂടി പരിചയപ്പെട്ടു കഴിഞ്ഞു. ക്ലാസ്സുകളുടെയും പഠനത്തിനും ശേഷമുള്ള സമയം ധാരാളമായി ലഭിച്ചതോടെ മുഹമ്മദ് സിദാൻ നിർമ്മിച്ചത് ഒരു കിടിലൻ വാർത്താ ആപ്ലിക്കേഷനാണ്.
മലയാളം ഉൾപ്പടെ 4 ഭാഷകളിലെ വാർത്താ ചാനലുകൾ ഉൾപ്പെടുത്തി നിർമ്മിച്ച വാർത്താ ആപ്ലിക്കേഷന്റെ പേര് 'ഡിസ്ക്കവർ ഇന്ത്യ ന്യൂസ്' എന്നാണ്. ഒൻപതാം ക്ലാസുകാരനായ മുഹമ്മദ് സിദാൻ ആപ്ലിക്കേഷൻ നിർമ്മിക്കുന്നതിനായി കോഡിങ്ങും മറ്റു പ്രവർത്തനങ്ങളും പഠിച്ചത് ഗൂഗിളിന്റെയും യുട്യൂബിന്റേയും സഹായത്തോടെയാണ്. ഒരു പ്രൊഫഷണൽ മികവോടെ തന്നെയാണ് മുഹമ്മദ് സിദാൻ ഈ വാർത്താ ആപ്ലിക്കേഷൻ നിർമ്മിച്ചിരിക്കുന്നത്. ഓൺലൈൻ ക്ലാസ്സിനായി ആദ്യമായി കംപ്യുട്ടർ ഉപയോഗിച്ച് തുടങ്ങിയപ്പോൾ തനിക്ക് ഒന്നും അറിയില്ലായിരുന്നെന്നും പിന്നീട് ഓരോന്നും സൂക്ഷ്മതയോടെ മനസ്സിലാക്കിയ ശേഷം ഇത്തരത്തിൽ ഒരു വാർത്താ ആപ്ലിക്കേഷൻ നിർമ്മിക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും സിദാൻ പറഞ്ഞു. മലയാളത്തിനൊപ്പം തമിഴ്, ഇംഗ്ലീഷ്,ഹിന്ദി എന്നീ ഭാഷകളിലെ വാർത്താ ചാനലുകളാണ് ഇപ്പോൾ 'ഡിസ്ക്കവർ ഇന്ത്യ ന്യൂസ്' വാർത്താ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിസ്കവർ ഇന്ത്യ ന്യൂസ് ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്.