കോട്ടയം: കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ക്ഷേത്രങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു മാത്രമാണ് വിദ്യാരംഭ ചടങ്ങുകൾ നടത്തുന്നത്. ജില്ലയിലെ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക സരസ്വതീ ക്ഷേത്രത്തിൽ കോവിഡ് പ്രതിരോധ മാർഗ്ഗ നിർദേശങ്ങൾ പാലിച്ചു വിദ്യാരംഭ ചടങ്ങുകൾ നടത്തും. തിങ്കളാഴ്ച്ച പുലർച്ചയെ 2 മണിക്ക് പൂജയെടുപ്പ് ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് വിദ്യാരംഭ ചടങ്ങുകൾ 4 മണിക്ക് ആരംഭിക്കുമെന്നും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. മാതാപിതാക്കളിലൊരാളുടെ മടിയിൽ കുട്ടിയെ വിദ്യാമണ്ഡപത്തിലിരുത്തി രക്ഷിതാവ് തന്നെയാണ് കുട്ടിയുടെ നാവിൽ ആദ്യാക്ഷരം കുറിക്കുന്നത്. ഇത്തവണ വിദ്യാരംഭ ദിനത്തിൽ 700 പേർക്കുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുള്ളതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. അതോടൊപ്പം തുടർന്നുള്ള ദിവസങ്ങളിലും വിദ്യാരംഭത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചുള്ള സംഗീതോത്സവം നടന്നു വരുന്നു. കലോപാസനകള്‍ രാവിലെ 7 മുതല്‍ വെെകുന്നേരം 9 മണിവരെയാണ് നടത്തപ്പെടുന്നത്.
അതേസമയം വിദ്യാരംഭ ചടങ്ങുകൾ വീടുകളിൽ നടത്തുന്നവരുമുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്ഷേത്ര സന്ദർശനം ഒഴിവാക്കി വീടുകളിൽ സജ്ജീകരണങ്ങൾ ഒരുക്കിയവരും ഏറെയുണ്ട്.
ചിത്രം:ശ്രീജിത്ത്.