പനച്ചിക്കാട്: കോട്ടയത്തിന്റെ സ്വന്തം ആമ്പൽ വസന്ത കാഴ്ച്ചകൾ കാണാനെത്തുന്നവർക്ക് ഇനി കുതിര സവാരിയും ആസ്വദിക്കാം. ഏക്കർകണക്കിന് വരുന്ന പാടശേഖരങ്ങളിൽ പൂത്തുലഞ്ഞു നിൽക്കുന്ന ആമ്പൽ പൂക്കളുടെ വിസ്മയ കാഴ്ച്ചകൾ കാണാനായി നിരവധിപ്പേരാണ് ഇപ്പോൾ അമ്പാട്ടുകടവിലേക്ക് എത്തുന്നത്. കോവിഡ് പ്രതിരോധ മാർഗ്ഗ നിർദേശങ്ങൾ പാലിച്ചാണ് ഇവിടേക്ക് സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുന്നത്. ഒരു സമയം 40 പേർക്കാണ് പ്രവേശനാനുമതി നൽകിയിരിക്കുന്നത്. സന്ദർശകർ കൂട്ടം കൂടാൻ പാടുള്ളതല്ല. ആമ്പൽപ്പൂക്കളുടെ സൗന്ദര്യം തൊട്ടടുത്താസ്വദിക്കാനായി കുട്ടവഞ്ചി സവാരിയും ഒരുക്കിയിട്ടുണ്ട്. നവരാത്രി ഉത്സവത്തോടനുബന്ധിച്ച് പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിലേക്ക് എത്തുന്നവരും നിരവധിയാണ്. മൂന്നാറിൽ നീലക്കുറിഞ്ഞി പൂക്കുന്ന പോലെ കോട്ടയത്തിന്റെ പിങ്ക് വസന്തമായ ആമ്പൽ വസന്തം കാണാനായി വിവിധ സ്ഥലങ്ങളിൽ നിന്നും നിരവധിപ്പേരാണ് എത്തുന്നത്. നിരവധി ഫോട്ടോഷൂട്ടുകൾക്കും വേദിയാണ് പനച്ചിക്കാട് അമ്പാട്ട് കടവിലെ ഈ ആമ്പൽ വസന്ത കാഴ്ച്ചകൾ. കഴിഞ്ഞ വർഷം ആയിരക്കണക്കിന് ആളുകളാണ് പിങ്ക് വസന്തം കാണാനായി എത്തിയത്. ഈ വർഷം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആദ്യ സമയങ്ങളിൽ സഞ്ചാരികളെ അനുവദിച്ചിരുന്നില്ല. കോവിഡ് വ്യാപനം മൂലം ഈ വർഷം സന്ദർശകർ കുറവായിരുന്നുവെന്ന് പ്രദേശവാസികളും പറഞ്ഞു.