കോട്ടയം: സംസ്ഥാനത്ത് പച്ചക്കറികൾക്ക് വില വർധിക്കുന്നു. പ്രധാനമായും സവോള,ഉള്ളി, കിഴങ്ങ്,പയർ,കാബേജ്, കാരറ്റ് തുടങ്ങിയ പച്ചക്കറികൾക്കാണ് വില വർധിച്ചിരിക്കുന്നത്. സവോളയുടെ വില നൂറിലെത്തി. ചുവന്നുള്ളി നൂറു കടന്നു. മറ്റിനങ്ങൾക്കും 10 രൂപ മുതൽ 30 രൂപ വരെ വർധിച്ചതായി ഉപഭോക്താക്കളും പറയുന്നു. എല്ലാ പച്ചക്കറികൾക്കും വില ഉയർന്നതായി വ്യാപാരികൾ പറയുന്നു. കേരളത്തിലെ പച്ചക്കറി മാർക്കറ്റുകളിൽ ഭൂരിഭാഗവും അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പച്ചക്കറികളാണ് ലഭിക്കുന്നത്. മഴ മൂലമുണ്ടായ കൃഷി നാശവും സാധനങ്ങൾ ലഭ്യമല്ലാത്തതുമാണ് വില ഉയരാൻ കാരണമെന്ന് മൊത്തവ്യാപാരികൾ പറയുന്നു. വില ഉയർന്നതോടെ സാധാരണക്കാരന്റെ അടുക്കള ബഡ്ജറ്റ് താളം തെറ്റിയിരിക്കുകയാണ്. പച്ചക്കറി വാങ്ങാനിറങ്ങിയാൽ കീശ കാലിയാകുന്നത് അറിയില്ലെന്ന് ചിലർ പ്രതികരിച്ചു. ചില സ്ഥലങ്ങളിൽ സവോളയും ഉള്ളിയും കിട്ടാനില്ലാത്ത അവസ്ഥയുമുണ്ട്.