കോട്ടയം: കോവിഡ് പ്രതിരോധ മാർഗ്ഗ നിർദേശങ്ങൾ പാലിച്ചുകൊണ്ട് ശബരിമല തീർത്ഥാടനത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുമ്പോൾ ആചാരാനുഷ്ഠാനങ്ങൾക്ക് തടസ്സമാകരുത് എന്ന് ഹൈക്കോടതി പറഞ്ഞു. തീർത്ഥാടകരുടെ എണ്ണം കാണക്കിലെടുത്തു പ്രതിദിനം ദർശനം അനുവദിക്കുന്നവരുടെ എണ്ണത്തിൽ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ഇക്കാര്യങ്ങളിൽ ദേവസ്വം ബോർഡിന്റെ അഭിപ്രായം കൂടി കണക്കിലെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. നിലയ്ക്കലിൽ വിരി വയ്ക്കുന്നതിനുള്ള അനുമതി നൽകണം. മല കയറുന്നതിനു മുൻപോ മലയിറങ്ങിയ ശേഷമോ ഭക്തരുടെ ആവശ്യപ്രകാരം ഇതിനുള്ള അനുമതി നൽകണം. 15 സീറ്റുള്ള വാഹനങ്ങൾക്ക് പമ്പയിലെത്തി ഭക്തരെ ഇറക്കിയ ശേഷം തിരിച്ചു നിലയ്ക്കലിൽ എത്തി വാഹനം പാർക്ക് ചെയ്യാൻ അനുമതി നൽകണം. ജസ്റ്റിസ് സി. ടി. രവികുമാർ, ജസ്റ്റിസ് കെ. ഹരിപാൽ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യങ്ങൾ നിർദേശിച്ചത്.