എരുമേലി: തുലാമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. കോവിഡ് പ്രതിരോധ നിർദേശങ്ങൾ പാലിച്ചു മാത്രം ദർശനം അനുവദിക്കൂ. വെർച്ച്വൽ ക്യൂ വഴി രജിസ്റ്റർ ചെയ്തവർക്കാണ് ദർശനം അനുവദിക്കുന്നത്. ഒരു ദിവസം 250 പേർക്ക് ദർശനം നടത്താം. ശബരിമല ദർശനത്തിന് എത്തുന്നവർ കോവിഡ് രോഗബാധ ഇല്ലെന്നുള്ള 48 മണിക്കൂറിനകം നടത്തിയ പരിശോധനയുടെ സർട്ടിഫിക്കറ്റ് നിർബന്ധമായും കരുതേണ്ടതാണ്. 10 വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവർക്കാണ് ദർശനത്തിന് അനുമതിയുള്ളത്. എരുമേലി,വടശ്ശേരിക്കര എന്നിവിടങ്ങളിൽ കൂടി മാത്രമേ ശബരിമലയിലേക്ക് പ്രവേശനം അനുവദിക്കൂ. ദർശനത്തിന് എത്തുന്നവർ കോവിഡ് പ്രതിരോധ മാർഗ്ഗ നിർദേശങ്ങൾ കൃത്യമായും പാലിക്കേണ്ടതാണ്. ദർശനത്തിന് എത്തുന്നവർ കൂട്ടം കൂടാൻ പാടില്ല. മല കയറുന്ന സമയത്തൊഴികെ എല്ലായ്പ്പോഴും മാസ്ക് ധരിച്ചിരിക്കണം. നിലയ്ക്കലിൽ കോവിഡ് പരിശോധനാ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. 21 നു രാത്രി നട അടയ്ക്കും.