പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ തമിഴ്‌നാട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലയ്ക്കലിൽ ആരോഗ്യ വകുപ്പ് നടത്തിയ ആന്റിജൻ പരിശോധനയിലാണ് തമിഴ്‌നാട് സ്വദേശിക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ റാന്നി കാർമ്മൽ എൻജിനീയറിങ് കോളേജിൽ സജ്ജമാക്കിയ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. ദർശനത്തിനു എത്തുന്നതിനു 48 മണിക്കൂർ മുൻപ് എടുത്ത കോവിഡ് ഇല്ലെന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കാണ് ദർശനം അനുവദിക്കുന്നത്. ഈ സമയത്തിന് മുൻപ് സർട്ടിഫിക്കറ്റ് എടുത്തവരും സർട്ടിഫിക്കറ്റ് ഇല്ലാത്തവരും നിലയ്ക്കലിൽ ആന്റിജൻ പരിശോധന നടത്തണം. ശബരിമല നട 21 നു അടയ്ക്കും.