എരുമേലി: കോവിഡ് പ്രതിരോധ നിർദേശങ്ങൾ പാലിച്ചു കൊണ്ട് ശബരിമലയിൽ ഭക്തർക്ക് ദർശനത്തിന് അനുമതി ലഭിച്ചതോടെ ശബരിമല ദർശനത്തിനായി തീർത്ഥാടകർ എരുമേലിയിൽ എത്തിത്തുടങ്ങി. വെർച്ച്വൽ ക്യൂ വഴി രജിസ്റ്റർ ചെയ്തവർക്കാണ് ദർശനം അനുവദിക്കുന്നത്. തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. ശബരിമല ദർശനത്തിനായി ആന്ധ്രാ പ്രദേശിൽ നിന്നുമുള്ള 4 പേരടങ്ങുന്ന ഭക്തരുടെ കൂട്ടമാണ് എരുമേലിയിൽ എത്തിച്ചേർന്നത്.  പ്രതിദിനം 250 പേർക്കാണ് ദർശനത്തിന് അനുമതി നൽകിയിരിക്കുന്നത്. ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കുന്നത് 7 മാസത്തിന് ശേഷമാണ്. ദർശനത്തിനു 48 മണിക്കൂർ മുൻപ് എടുത്ത കോവിഡ് ഇല്ലെന്നുള്ള സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമാണ് ദർശനം അനുവദിക്കുക. 21 നു നട അടയ്ക്കും. ശബരിമലയിലേക്ക് എത്തുന്നവർക്ക് എരുമേലി,വടശ്ശേരിക്കര പാതയിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. നിലയ്ക്കലിൽ കോവിഡ് പരിശോധനയ്ക്കുള്ള സംവിധാനം സജ്ജമാക്കിയിട്ടുണ്ട്.