കോട്ടയം: അൻപതാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ പുരസ്‌ക്കാര തിളക്കത്തിന്റെ നിറവിൽ നമ്മുടെ സ്വന്തം കോട്ടയവും. മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള പുരസ്ക്കാരം കോട്ടയം പൊൻകുന്നം സ്വദേശിയായ ബിപിൻ ചന്ദ്രന് ലഭിച്ചു. നിർമ്മാതാക്കൾക്കുള്ള പുരസ്‌ക്കാരത്തിന് കോട്ടയം സ്വദേശി ദിലീഷ് പോത്തൻ അർഹനായി. ഒപ്പം ഫഹദ്, നസ്രിയ, ശ്യാം പുഷ്‌ക്കരന്‍ എന്നിവരും നിർമ്മാതാക്കൾക്കുള്ള പുരസ്‌കാരങ്ങൾക്ക് അർഹരായി.
മാടമ്പള്ളിയിലെ മനോരോഗി, കോമാളി മേല്‍ക്കൈ നേടുന്ന കാലം എന്ന ചിത്രങ്ങളുടെ ലേഖനങ്ങൾക്കാണ് ബിപിൻ പുരസ്ക്കാരം ലഭിച്ചത്. മലയാള ചലച്ചിത്ര മേഖലയിൽ സജീവമായ ബിപിൻ ഇടക്കുന്നം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ മലയാള അദ്ധ്യാപകനാണ്. ആഷിഖ് അബു സംവിധാനം ചെയ്ത ഡാഡി കൂളിന്റെ സംഭാഷണമെഴുതികൊണ്ടാണ് ബിപിൻ സിനിമയിലേക്ക് എത്തുന്നത്. നിരവധി മലയാള ചിത്രങ്ങളുടെ തിരക്കഥയും സംഭാഷണവും ഇദ്ദേഹം എഴുതിയിട്ടുണ്ട്. മമ്മൂട്ടി കാഴ്ചയും വായനയും,മായുടെ കത്തുകൾ, ക്രിയാത്മക ജീവിതത്തിനു പത്തു വഴികൾ തുടങ്ങിയ പുസ്തകങ്ങളുടെയും രചയിതാവാണ് ബിപിൻ ചന്ദ്രൻ.
കോട്ടയം കുറുപ്പന്തറ ഓമല്ലൂർ സ്വദേശിയായ ദിലീഷ് പോത്തൻ നടനും സംവിധായകനുമാണ്. പോത്തേട്ടൻസ് ബ്രില്ല്യൻസ് എന്ന് ദിലീഷ് പോത്തന്റെ സംവിധാന മികവ് സൂചിപ്പിക്കുന്ന വാക്കായി ഉപയോഗിക്കാറുമുണ്ട്. 2010-ൽ പുറത്തിറങ്ങിയ 9 KK റോഡ് എന്ന ചിത്രത്തിന്റെ സഹസംവിധായകനായാണ് തുടക്കം. 2011 ൽ സാൾട്ട് ആന്റ് പെപ്പർ എന്ന ചിത്രത്തിൽ അഭിനയിച്ച ചെറിയ വേഷം ശ്രദ്ധിക്കപ്പെട്ടു. 2016-ൽ മഹേഷിന്റെ പ്രതികാരത്തിലൂടെ സ്വതന്ത്രസംവിധായകനായി.
തിരക്കഥാകൃത്തായ ശ്യാം പുഷ്കരനുമൊത്ത് വർക്കിങ്ങ് ക്ലാസ്സ് ഹീറോ എന്ന പേരിൽ ഒരു ചലച്ചിത്രനിർമ്മാണ കമ്പനി ആരംഭിച്ചു. ശ്യാം പുഷ്ക്കരന്റെ തിരക്കഥയിൽ മധു സി. നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ് (2019) ആണ് ഈ ബാനറിൽ നിർമ്മിച്ച ആദ്യചിത്രം.