മികച്ച നടി, മികച്ച ഹാസ്യ അഭിനേതാവ്,മികച്ച ഗ്രന്ഥം,മികച്ച വാർത്താ അവതാരക തുടങ്ങിയ പുരസ്‌ക്കാരങ്ങൾ കോട്ടയം സ്വദേശികൾക്ക്.
തിരുവനന്തപുരം: ഇരുപത്തിയെട്ടാമത് സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ പുരസ്‌ക്കാരത്തിളക്കത്തിലാണ് നമ്മുടെ കോട്ടയം. മധുപാൽ,ഓ കെ ജോണി, എ സഹദേവൻ എന്നിവർ ജൂറികളായ സമിതിയാണ് സംസ്ഥാന ടെലിവിഷൻ അവാർഡ് 2019 അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. മന്ത്രി എ കെ ബാലനാണ് പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചത്. നിലവാരമുള്ള എൻട്രികൾ ലഭിക്കാത്തതിനാൽ ഈ തവണ മികച്ച ടെലിസീരിയൽ, കുട്ടികളുടെ ഷോർട് ഫിലിം,ലേഖനം എന്നീ വിഭാഗങ്ങളിൽ പുരസ്‌ക്കാരങ്ങൾ നൽകിയിട്ടില്ല.മികച്ച നടി, മികച്ച ഹാസ്യ അഭിനേതാവ്,മികച്ച ഗ്രന്ഥം,മികച്ച വാർത്താ അവതാരക തുടങ്ങിയ പുരസ്‌കാരങ്ങൾക്ക് കോട്ടയം സ്വദേശികളാണ് അർഹരായത്. മികച്ച നടിക്കുള്ള പുരസ്‌ക്കാരത്തിന് കോട്ടയം അയർക്കുന്നം സ്വദേശിനി കവിതാ നായരാണ് അർഹയായത്. തോന്ന്യാക്ഷരങ്ങൾ,ടെലിസീരിയൽ അമൃത ടെലിവിഷനിലെ അഭിനയത്തിനാണ് കവിതയ്ക്ക് മികച്ച നടിക്കുള്ള പുരസ്ക്കാരം ലഭിച്ചത്. മികച്ച ഹാസ്യാഭിനേതാവിനുള്ള പുരസ്ക്കാരം ലഭിച്ചത് കോട്ടയം സ്വദേശിയയായ നസീർ സംക്രാന്തിക്കാണ്. മഴവിൽ മനോരമയിലെ തട്ടീം മുട്ടീം,അമൃത ടി വിയിലെ കോമഡി മാസ്റ്റേഴ്സ് എന്നിവയിലെ അഭിനയത്തിനാണ് നസീർ സംക്രാന്തി അവാർഡിനർഹനായത്. ടെലിവിഷനെക്കുറിച്ചുള്ള ഏറ്റവും നല്ല ഗ്രന്ഥത്തിനുള്ള പുരസ്ക്കാരം ചങ്ങനാശ്ശേരി സ്വദേശിയയായ ഡോ.രാജൻ പെരുന്നയുടെ പ്രൈം ടൈം ടെലിവിഷൻ കാഴ്ച്ചകൾ എന്ന ഗ്രന്ഥത്തിനാണ് ലഭിച്ചത്. ചങ്ങനാശ്ശേരി സ്വദേശിയയായ ഇദ്ദേഹം ഇപ്പോൾ തിരുവനന്തപുരത്താണ് താമസിക്കുന്നത്. മികച്ച വാർത്താ അവതാരകയ്ക്കുള്ള പുരസ്ക്കാരം നേടിയവരിൽ ഒരാളായ 24 ന്യൂസിലെ അനുജ രാജേഷ് കോട്ടയം കുടമാളൂർ സ്വദേശിനിയാണ്. മികച്ച വാർത്താ അവതാരകയ്ക്കുള്ള പുരസ്‌ക്കാരങ്ങൾ ഇതിനുമുൻപും ഇപ്പോൾ 24 ന്യൂസിലെ ന്യൂസ് എഡിറ്ററായ അനുജയെ തേടിയെത്തിയിട്ടുണ്ട്.