കാഞ്ഞിരപ്പള്ളി: കോട്ടയം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കാഞ്ഞിരപ്പള്ളിയിൽ സബ് കളക്ടർ രാജീവ് കുമാര്‍ ചൗധരി പരിശോധന നടത്തി. കാഞ്ഞിരപ്പള്ളിയുടെ വിവിധ മേഖലകളിൽ കോവിഡ് പോസിറ്റീവ് കേസുകൾ വീണ്ടും കൂടുതലായി സ്ഥിരീകരിക്കപ്പെടുന്നുണ്ട്. ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തിൽ പരിശോധനകൾ കർശനമാക്കിയിരുന്നു. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ഭാഗമായാണ് സബ് കളക്ടർ രാജീവ് കുമാര്‍ ചൗധരി കാഞ്ഞിരപ്പള്ളിയിൽ പരിശോധന നടത്തിയത്.
പോലീസ്,താലൂക്ക് റവന്യു വകുപ്പ് അധികൃതരും കാഞ്ഞിരപ്പള്ളിയിലെ സെക്ടറൽ മജിസ്‌ട്രേട്ടും സബ് കളക്റ്റർക്കൊപ്പം ഉണ്ടായിരുന്നു. കാഞ്ഞിരപ്പള്ളിയിലെ വ്യാപാര സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും അദ്ദേഹം പരിശോധന നടത്തി. കോവിഡ് പ്രതിരോധ മാർഗ്ഗ നിർദേശങ്ങൾ കൃത്യമായി പാലിച്ചാൽ മാത്രമേ കോവിഡിൽ നിന്നും നമുക്ക് മുക്തി നേടാനാകൂ എന്നും നമ്മുടെയും മറ്റുള്ളവരുടെയും സുരക്ഷയ്ക്കായി സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും കോവിഡ് പ്രതിരോധ മാർഗ്ഗ നിർദേശങ്ങൾ പാലിക്കണമെന്നും മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ശീലമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങളുടെയും നിരോധനാജ്ഞയുടെയും ലംഘനം സംബന്ധിച്ച വിവരങ്ങൾ കോട്ടയം കളക്ട്രേറ്റിൽ പ്രവർത്തിക്കുന്ന കോവിഡ് കൺട്രോൾ റൂമിൽ അറിയിക്കാം എന്നും സബ് കളക്ടർ പറഞ്ഞു.