കോട്ടയം: സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടിക്കുള്ള പുരസ്ക്കാരം ലഭിച്ചത് നമ്മുടെ സ്വന്തം കോട്ടയം സ്വദേശിനിയായ കവിതാ നായർക്കാണ്. തോന്ന്യാക്ഷരങ്ങൾ ടെലിസീരിയൽ അമൃത ടെലിവിഷനിലെ അഭിനയത്തിനാണ് കവിതയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചത്. 15000 രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്ക്കാരം. മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ കോട്ടയം അയർക്കുന്നം സ്വദേശിനിയായ കവിതാ നായർ ഒരു എഴുത്തുകാരിയും അവതാരകയും കൂടിയാണ്. വിവാഹത്തിന് ശേഷം ബെംഗളൂരുവിൽ ഭർത്താവിന്റെ നാട്ടിലേക്ക് മാറിയെങ്കിലും വൈക്കത്തിനടുത്തുള്ള അച്ഛന്റെ തറവാടും അയർക്കുന്നത്തെ വീടും പ്രകൃതിയും ഇപ്പോഴും ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നതായും കവിത പറഞ്ഞു. പുരസ്ക്കാരം ലഭിച്ച സന്തോഷം കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും പങ്കുവെച്ചതായും കവിത പറഞ്ഞു. 2002 ൽ സൂര്യാ ടിവിയിൽ സംപ്രേക്ഷണം ചെയ്ത പൊൻപുലരി എന്ന പരിപാടിയുടെ അവതാരകയായാണ് കവിത ഈ മേഖലയിലേക്ക് കടന്നു വന്നത്. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.