കോട്ടയം: പൊതുമേഖലാ വ്യവസായ സ്ഥാപനമായ കോട്ടയത്തെ ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡ് വലിയ തിരിച്ചുവരവിലാണ് എന്ന് മന്ത്രി ഇ പി ജയരാജൻ. ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡ് കമ്പനിയിലെ പുതിയ ഗ്രേ സിമന്റ് ഉൽപാദന യൂണിറ്റിന്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി കോൺക്രീറ്റ് പോസ്റ്റ് നിർമ്മാണ യൂണിറ്റ് ശിലാസ്ഥാപനം വൈദ്യുത മന്ത്രി എം.എം മണിയും നിർവഹിച്ചു. ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സ്ഥാപനത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ പത്ത് ജില്ലകളിൽ വനിതാ സംരംഭകരെ മുൻ നിർത്തി വാൾപ്പുട്ടി നിർമ്മാണ യൂണിറ്റ് ആരംഭിക്കും.

    വനിതാ സംരംഭകർക്ക് ജില്ലാ തലത്തിൽ പ്ളാൻ്റുകൾ ഒരുക്കാൻ ട്രാവൻകൂർ സിമൻ്റ്സ് തന്നെ മുൻകൈ എടുക്കും. ഉത്പാദിപ്പിക്കുന്ന വാൾപ്പുട്ടി ട്രാവൻകൂർ സിമൻ്റ്സിൻ്റെ ബ്രാൻഡിൽ വിപണിയിൽ എത്തിക്കുമെന്നും നിർമ്മാണ മേഖലയിൽ ഏറെ സാധ്യതകളാണ് കേരളത്തിൽ ഉള്ളത് എന്നും ഇത് കാര്യക്ഷമമായി ഉപയോഗപ്പെടുത്തുമെന്നും ഇ പി ജയരാജൻ പറഞ്ഞു. വിരമിച്ച ജീവനക്കാരുടെ ആനുകൂല്യത്തിന്റെ കുടിശിക വിതരണവും ചടങ്ങിനോടനുബന്ധിച്ച് നടത്തി. ജോസ് കെ മാണി,തോമസ് ചാഴികാടൻ എം പി തുടങ്ങിയവർ പങ്കെടുത്തു.