ചങ്ങനാശ്ശേരി: യു കെ യിലെ ഈ വർഷത്തെ ഏറ്റവും മികച്ച നഴ്‌സിനുള്ള അവാർഡ് സ്വന്തമാക്കി ചങ്ങനാശ്ശേരി സ്വദേശിനി നിഷ തോമസ്. യു കെ യിലെ ആരോഗ്യ മേഖലയിലെ സെന്റ്.ജോൺസ് കെയർ ട്രസ്റ്റിന്റെ 2020 എംപ്ലോയീ അവാർഡിൽ ആണ് യു കെ യിലെ മികച്ച നഴ്‌സായി ചങ്ങനാശ്ശേരി സ്വദേശിനി നിഷ തോമസിനെ തിരഞ്ഞെടുത്തത്. തദ്ദേശീയരും പ്രവാസികളുമുൾപ്പടെ നിരവധിപ്പേർ ജോലി ചെയ്യുന്ന ആരോഗ്യ മേഖലയിൽ തദ്ദേശീയരെപ്പോലും മറികടന്നു മികച്ച പ്രവർത്തനം കാഴ്ച്ചവച്ചതിനു ലഭിച്ച അംഗീകാരമാണ് ഇത്. 1235 നോമിനീസിൽ നിന്നുമാണ് ചങ്ങനാശ്ശേരി സ്വദേശിനി നിഷ തോമസിനെ തിരഞ്ഞെടുത്തത്. ഓൺലൈനായാണ് അവാർഡ് ചടങ്ങ് നാടന്നത്. നഴ്‌സിംഗ് പഠനം ചങ്ങാനാശ്ശേരി ചെത്തിപ്പുഴ സെന്റ്.തോമസ് ഹോസ്‌പിറ്റലിൽ പൂർത്തിയാക്കിയ നിഷ 2007 ലാണ് യു കെ യിൽ എത്തുന്നത്. തുടർന്ന് സുന്ദർലാൻഡ് യൂണിവേഴ്‌സിറ്റിയിൽ പഠനം. വർക്ക് പെർമിറ്റ് ലഭിച്ച ശേഷം ആദ്യമായി ജോലിയിൽ പ്രവേശിച്ചത് വിഗണിൽ ആയിരുന്നു. പിന്നീടാണ് ലിങ്കൺഷെയറിൽ എത്തിയത്. നിഷയുടെ ഭർത്താവ് അതിരംപുഴ സ്വദേശി ജോമോൻ ജോസഫ് നോട്ടിങ്ഹാം എൻഎച്എസ്സിൽ നഴ്‌സാണ്. ആൽഫി,ഫീയ എന്നിവരാണ് മക്കൾ.