85 ന്റെ നിറവിൽ മഹാത്മാ ഗാന്ധിയായി തിളങ്ങി മുണ്ടക്കയത്തെ കുഞ്ഞൂട്ടി ചേട്ടൻ.
മുണ്ടക്കയം: ഗാന്ധി ജയന്തി ദിനത്തിൽ മഹാത്മാവിന്റെ ഓർമ്മകൾക്കൊപ്പം മുണ്ടക്കയത്ത് നിന്നും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ് ഈ ഫോട്ടോഷൂട്ട്. മുണ്ടക്കയം മരുതുംമൂട് സ്വദേശിയായ പുന്നയ്ക്കൽ പി സി ജോർജ് എന്ന 85 കാരനായ കുഞ്ഞൂട്ടി ചേട്ടനാണ് മഹാത്മാവായി വേഷമിട്ടിരിക്കുന്നത്.
ഇദ്ദേഹത്തിന്റെ പേരമകനും ഫോട്ടോഗ്രാഫറുമായ ജിബിൻ ജോയ് ആണ് ഈ ഉദ്യമത്തിന് പിന്നിൽ. ഈ ചിത്രങ്ങളുൾപ്പടെ ജിബിന്റെ നിരവധി ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. ഫോട്ടോഗ്രഫിയോടുള്ള അടങ്ങാത്ത അഭിനിവേശത്തിൽ സ്വകാര്യ കമ്പനിയിലെ ജോലി ഉപേക്ഷിച്ചു തന്റെ സ്വപ്നമായ ഫോട്ടോഗ്രഫിയെ പിന്തുടരുകയായിരുന്നു ജിബിൻ. തുടർന്ന് ആത്രേയ ഫോട്ടോഗ്രഫി എന്ന പേരിലാണ് ജിബിൻ തന്റെ വർക്കുകൾ ചെയ്തുവരുന്നത്. ഈ മേഖലയിൽ വ്യത്യസ്തതകളിൽ ജിബിൻ തിളങ്ങാനായി എന്ന് നിസ്സംശയം പറയാം. ഗാന്ധി ജയന്തി ദിനത്തിൽ വ്യത്യസ്തത സമ്മാനിച്ച ഈ ഫോട്ടോഷൂട്ടിന് കുഞ്ഞൂട്ടി ചേട്ടന്റെ പൂർണ്ണ പിന്തുണയും ലഭിച്ചതോടെ പിന്നീട് പരിശ്രമങ്ങളുടെ നാളുകളായിരുന്നു. കുട്ടിക്കാലത്ത് സ്‌കൂളിൽ ഗാന്ധി വേഷം ധരിച്ച ത്രില്ലിലായിരുന്നു കുഞ്ഞൂട്ടി ചേട്ടൻ. ഇതിനായി തല മൊട്ടയടിക്കുകയും ചെയ്തു. കണ്ണടയും വേഷങ്ങളും എത്തിയതോടെ സംഗതി ഉഷാറായി. കുട്ടിക്കാനത്തും സമീപ പ്രദേശങ്ങളിലുമായിരുന്നു ലൊക്കേഷൻ എന്ന് ജിബിൻ പറഞ്ഞു.
58 വർഷങ്ങൾക്ക് മുൻപ് വിവാഹിതരായ കുഞ്ഞൂട്ടി ചേട്ടനും ഭാര്യ ചിന്നമ്മയുടെയും വിവാഹ ഫോട്ടോ ഇല്ലെന്ന ഇരുവരുടെയും സങ്കടത്തിൽ നിന്നാണ് വൈറലായ ആ ഫോട്ടോഷൂട്ടിന്റെ പിറവിയെന്ന് ജിബിൻ പറഞ്ഞു. ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധിക്കപ്പെടുകയും നിരവധി മാധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്തിരുന്നു. ഇതിൽ നിന്നുണ്ടായ പ്രചോദനമാണ് മഹാത്മാവിന് ആദരമർപ്പിച്ച് ഈ ഫോട്ടോഷൂട്ട് ചെയ്യാൻ പ്രേരകമായതെന്ന് ജിബിൻ പറയുന്നു. നിരവധിപ്പേരാണ് കുഞ്ഞൂട്ടി ചേട്ടനും പേരമകനായ ജിബിനും അഭിനന്ദനമറിയിച്ചുകൊണ്ടിരിക്കുന്നത്.
ചിത്രം: ജിബിൻ ജോയ്,ആത്രേയ ഫോട്ടോഗ്രഫി.