പാലാ: റോയല്‍ കോളജ് ഓഫ് നഴ്സിങ്ങിന്റെ ലണ്ടന്‍ ബോര്‍ഡിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവരിലൊരാളായി പാലാ സ്വദേശിയും. പാലാ സ്വദേശിയായ എബ്രഹാം പൊന്നുംപുരയിടം ആണ് ലണ്ടന്‍ റീജിയന്റെ 20 അംഗ ബോര്‍ഡിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ബ്രിട്ടനിലെ നഴ്സുമാരുടെ ഏറ്റവും വലിയ ട്രേഡ് യൂണിയനാണ് റോയല്‍ കോളജ് ഓഫ് നേഴ്‌സിങ്. റോയല്‍ കോളജ് ഓഫ് നഴ്സിങ്ങിന്റെ പ്രധാന റീജിയണായ ലണ്ടന്‍ ബോര്‍ഡിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളിയാണ് ഇദ്ദേഹം. 6000 ലധികം അംഗങ്ങളുള്ള ലണ്ടന്‍ റീജിയന്റെ 20 അംഗ ബോര്‍ഡിലേയ്ക്ക് ഒരാളായാണ് എബ്രഹാം പൊന്നുംപുരയിടം തെരഞ്ഞെടുക്കപ്പെട്ടത്. വർഷങ്ങളായി ലണ്ടന്‍ കേന്ദ്രീകരിച്ച് നഴ്സിങ് ട്രേഡ് യൂണിയന്‍ രംഗത്ത് സജീവമാണ് പാലാ മുത്തോലി പൊന്നുംപുരയിടത്തിൽ പി.എ. ജോസഫിന്റെയും മറിയാമ്മ ജോസഫിന്റെയും മകനായ എബ്രഹാം. എതിരില്ലാതെയാണ് എബ്രഹാം ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും ഈ ചരിത്ര നേട്ടം സ്വന്തമാക്കിയതും. പാലാ സെന്റ് തോമസ് കോളജിൽ നിന്ന് ബിരുദവും കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദ പഠനവും പൂർത്തിയാക്കിയ എബ്രഹാം ലണ്ടനിൽ ഇൻഡിപ്പെൻഡന്റ് റീഹാബിലിറ്റേഷൻ കൺസൾട്ടന്റ്സ് നഴ്സ് പ്രാക്ടീഷണറായി ജോലി ചെയ്യുകയാണ്.