കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയം മണത്ത സി പി എം ജില്ലയിൽ വ്യാപക അക്രമം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന കമ്മറ്റി അംഗം എൻ ഹരി ആരോപിച്ചു. വൈക്കം മണ്ഡലത്തിലെ ചെമ്പ്,വെച്ചൂർ, ഉദയനാപുരം, ടി വി പുരം മേഖലയിൽ വ്യാപകമായി സി പി എം അക്രമം അഴിച്ചുവിട്ടതായും എൻ ഹരി പറഞ്ഞു. ബി.ജെ.പി ബ്രഹ്മമംഗലം മേഖല പ്രസിഡൻ്റിനെ ആക്രമിക്കുകയും മുൻകാല ഇടതു സഹയാത്രികൻ ഹാദിയാ അശോകൻ്റെ വീടുൾപ്പെടെ നിരവധി വീടുകൾ അടിച്ചു തകർക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. കടുത്തുരുത്തി മണ്ഡലത്തിലെ കുറവിലങ്ങാട് മേഖലയിലെ താന്നിക്കൽ ഭാഗത്തെ ഏഴോളം വീടുകളാണ് തകർക്കപ്പെട്ടതെന്നും സിപിഎം വിട്ട് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച രമേശിൻ്റെ വീട് പൂർണ്ണമായും തകർത്തതായും എൻ ഹരി പറഞ്ഞു. ഏറ്റുമാനൂർ മണ്ഡലത്തിലെ ചെറുവാണ്ടൂർ മേഖലയിൽ സംഘര്ഷമുണ്ടാക്കുകയും ബി.ജെ.പിയുടെ ബൂത്ത് അടിച്ചു തകർക്കുകയും ഒ ബി സി മോർച്ച ജില്ലാ സെക്രട്ടറി സനീഷ്ഗോപിയെ കൈയേറ്റം ചെയ്യുകയുമുണ്ടായതായും അദ്ദേഹം പറഞ്ഞു. അക്രമങ്ങളുമായി ബന്ധപ്പെട്ട് അടിയന്തിര നടപടി സ്വീകരിക്കുവാനും പ്രതികളെ അറസ്റ്റ് ചെയ്യുവാനും പോലീസ് തയ്യാറാവണം എന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും എൻ ഹരി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയം മണത്ത സി പി എം ജില്ലയിൽ വ്യാപക അക്രമം നടത്തുന്നു;എൻ ഹരി.