കോട്ടയം: സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചു മുന്നേറുകയാണ് ക്രിസ്മസിന്റെ വരവറിയിച്ചു കോട്ടയം തെള്ളകം വിദ്യാഭവനിലെ കപ്പൂച്ചിൻ ബ്രദേഴ്‌സിന്റെ ക്രിസ്മസ് ഡാൻസ് വീഡിയോ. ഈ മാസം ആദ്യമാണ് ക്രിസ്മസിനെ വരവേൽക്കാനായി കപ്പൂച്ചിൻ ബ്രദേഴ്‌സിന്റെ ക്രിസ്മസ് ഡാൻസ് വീഡിയോ പൊന്നൊളി പുലരി പുൽക്കൂട്ടിൽ എന്ന വീഡിയോയിൽ ''വിണ്ണിൽ പെരുനാൾ''സംഗീത ഡാൻസ് വീഡിയോ പുറത്തിറക്കിയത്. ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങൾ ഈ വീഡിയോ ഏറ്റെടുത്തുകഴിഞ്ഞു. ഭരണങ്ങാനം അസീസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജിലെ ജർമ്മൻ പ്രൊഫസറായ ഫാ.ഷിന്റോ ഇടശ്ശേരിയാണ് ഈ ഉദ്യമത്തിന് പിന്നിൽ. ആലുവ ലിറ്റിൽ ഫ്‌ളവർ കോൺഗ്രിഗേഷൻ അംഗമായ ഫാ.ഷിന്റോ ഇതിനു മുൻപും നിരവധി സംഗീത ആൽബങ്ങൾ രചിച്ചിട്ടുണ്ട്.
'' കോവിഡ് തീർത്ത പ്രതിസന്ധിയിൽ എല്ലാവരും ആഘോഷങ്ങൾ ഒഴിവാക്കി ആശങ്കയുടെ വീടുകളിൽ തന്നെ തുടരുമ്പോൾ വ്യത്യസ്തമായി ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങുന്നത് എങ്ങനെയെന്ന ചിന്തയിലാണ് ഈ ആൽബത്തിന്റെ പിറവി. എല്ലാവർക്കും സന്തോഷം പകരുന്ന ഒരു ക്രിസ്മസ് സമ്മാനമായാണ് പാട്ടും ഡാൻസും കോർത്തിണക്കി ഒരു സംഗീത ഡാൻസ് ആൽബം പുറത്തിറക്കിയത്''-ഫാ.ഷിന്റോ ഇടശ്ശേരി.
ആകർഷകമായ വരികളും ഡാൻസും ഇതിനോടകംതന്നെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിക്കഴിഞ്ഞു. കൊച്ചുകുട്ടികളുടെ ചുണ്ടിലും ഇപ്പോൾ ഈ ഗാനം സ്ഥാനം പിടിച്ചു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ തരംഗമായ ഈ ഗാനം ഇതിനോടകം തന്നെ പത്തു ലക്ഷത്തിലധികം ആളുകൾ യൂട്യൂബിൽ കണ്ടുകഴിഞ്ഞു. ഫേസ്‌ബുക്ക്,ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലും വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 60 ലധികം ആളുകളുടെ ശ്രമഫലമായാണ് രണ്ടാഴ്ച്ചകൊണ്ട് ഈ ഗാനവും ഡാൻസും ഉൾപ്പടെ വിഡിയോ ചിത്രീകരിക്കാൻ സാധിച്ചതെന്നു ഫാ.ഷിന്റോ പറഞ്ഞു. ബ്രദർമാരായ മനോജ് വർഗീസ്, ജിൻസ് ജോർജ്, എബിൻ ജേക്കബ്, അഗസ്റ്റിൻ എസ്, ലീഡിൻ ബേബിച്ചൻ, ടിബിൻ ഉലഹന്നൻ, ബോബിൻ ജോസഫ്, ഗോഡ്വിൻ ജോസഫ് എന്നിവരാണ് വൈറലായി മാറിയ ഡാൻസ് അവതരിപ്പിച്ചിരിക്കുന്നത്. പ്രോജക്ട് ഡിസൈൻ ബ്രോ ജോബിസ് മണി, ബ്രദർ എബിൻ ജേക്കബ് എന്നിവരാണ്. ലോകം ഭയക്കുന്ന മഹാമാരിയിൽ നിന്നും പ്രതീക്ഷയും സന്തോഷവും നൽകുന്ന സന്ദേശമുയർത്തുകയാണ് ഈ ഡാൻസ് വീഡിയോയിൽ.
വീഡിയോ കാണാം ഇവിടെ: