കാഞ്ഞിരപ്പള്ളി: ക്രിസ്മസ് ആവേശവുമായി വ്യത്യസ്തതയാർന്ന കരോൾ ഗാനങ്ങളുമായി സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചു C30 പ്രൊഡക്ഷൻസ്. കാഞ്ഞിരപ്പള്ളി രൂപത അമല കമ്മ്യൂണിക്കേഷൻസ് നേതൃത്വം നൽകുന്ന C30 പ്രൊഡക്ഷൻസ് ആണ് അവതരണത്തിലും ഈണങ്ങളിലും വ്യത്യസ്തത പുലർത്തുന്ന ക്രിസ്മസ് കരോൾ ഗാനങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. ക്രിസ്തുമസിനോടനുബന്ധിച്ചു മേരി ക്വീൻസ് മിഷൻ ഹോസ്പിറ്റലുമായി ചേർന്ന് C30 നടത്തിയ കരോൾഗാനമത്സരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത് "കവാലി'' ഈണത്തിലെ ക്രിസ്മസ് കരോൾ ഗാനമായിരുന്നു. കവാലി ഈണത്തിൽ മലയാളത്തിലെ ആദ്യ ക്രിസ്മസ് കരോൾ ഗാനമായി ഇത്. ഒപ്പം ന്യുജൻ ക്രിസ്മസ് സംഗീത കരോൾ ഗാനവുമുണ്ടായിരുന്നു. കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദികനായ ഫാ. ജോസഫ് കൊച്ചുവീട്ടിലാണ് C30 ക്ക് നേതൃത്വം നൽകുന്നത്.
ഡിസംബർ ഒന്ന് മുതൽ പത്തു വരെ പത്തു ദിവസങ്ങളിലായി 10 കരോൾ ഗാനങ്ങളാണ് C30 പുറത്തിറക്കിയത്. ക്രിസ്മസ് ബെൽസ് എന്ന പേരിലായിരുന്നു കരോൾ ഗാനമത്സരം സംഘടിപ്പിച്ചത്. രണ്ടു ഘട്ടമായാണ് മത്സരങ്ങൾ നടന്നത്. ഒന്നാം ഘട്ടമായി വിവിധ ഗ്രൂപ്പുകൾ അയച്ചു നൽകിയ ഗാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 10 ഗ്രൂപ്പുകൾക്കാണ് രണ്ടാം ഘട്ടത്തിലേക്ക് പ്രവേശനം ലഭിച്ചത്. തിരഞ്ഞെടുക്കപ്പെട്ട 10 ഗ്രൂപ്പുകളുടെ ഗാനം അമല ഡിജിറ്റൽ സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്യുകയും DMX ടെക്നോളജിയിൽ പ്രവർത്തിക്കുന്ന അമലയുടെ C30 സ്റ്റുഡിയോ ഫ്ളോറിൽ വീഡിയോ ഷൂട്ട് ചെയ്യുകയും ഡിസംബർ ഒന്ന് മുതൽ പത്ത് വരെയുള്ള ദിവസങ്ങളിൽ C30 യുടെ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിക്കുകയുമായിരുന്നു. ഇതിനായുള്ള ചെലവുകൾ മുഴുവനും വഹിച്ചത് C30 പ്രൊഡക്ഷൻസ് തന്നെയാണ്.
വീഡിയോ പ്രസിദ്ധീകരിച്ചു ആദ്യ പത്ത് ദിവസം വീഡിയോയ്ക്ക് ലഭിക്കുന്ന വ്യൂവേഴ്സിന്റെ എണ്ണവും ജഡ്ജിംഗ് പാനലിന്റെ മൂല്യനിർണയവും അടിസ്ഥാനമാക്കിയാണ് വിജയികളെ നിർണ്ണയിക്കുന്നത്. മധു ബാലകൃഷ്ണൻ,അൽഫോൻസ് ജോസഫ്, ബേബി ജോൺ കലയന്താനി,എബി സാൽവിൻ തോമസ്, ചിത്ര അരുൺ എന്നിവരാണ് ജഡ്ജിംഗ് പാനലിലെ അംഗങ്ങൾ. ഡിസംബർ 23 ന് വൈകുന്നേരം 7 മണിക്ക് വിജയികളെ പ്രഖ്യാപിക്കും. മത്സരത്തിൽ വിജയിക്കുന്ന ഗ്രൂപ്പിന് 10000 രൂപ ക്യാഷ് പ്രൈസ് ലഭിക്കും.