കോട്ടയം: കോവിഡ് ബാധിതര്‍ക്കും ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ക്കും ഏര്‍പ്പെടുത്തിയ സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് ലഭിക്കാത്ത സ്പെഷ്യല്‍ വോട്ടര്‍മാര്‍ അതത് വരണാധികാരിയെയോ ഉപവരണാധികാരിയെയോ ബന്ധപ്പെടണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എം.അഞ്ജന അറിയിച്ചു.
ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പര്‍ സ്പെഷ്യല്‍ വോട്ടര്‍മാര്‍ക്ക് ലഭിക്കുന്ന രീതിയില്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ പരസ്യപ്പെടുത്തണം. ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പര്‍ റെസിഡന്‍റ്സ് അസോസിയേഷനുകളുടെയും സാമൂഹ്യ- സന്നദ്ധ സംഘടനകളുടെയും വാട്സപ് ഗ്രൂപ്പുകള്‍ മുഖേനയും പ്രചരിപ്പിക്കാം. സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് മുഖേനയുള്ള വോട്ടിംഗ് നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുവേണ്ടിയാണിത്. സ്പെഷ്യല്‍ തപാല്‍ വോട്ടിന്‍റെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് പോളിംഗ് ബൂത്തില്‍ വോട്ടു ചെയ്യാന്‍ കഴിയില്ല.
ജില്ലയില്‍ സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റിന്‍റെ വിതരണം പുരോഗമിക്കുകയാണ്. വോട്ടര്‍മാര്‍ ചികിത്സയിലോ ക്വാറന്‍റയിനിലോ കഴിയുന്ന സ്ഥലങ്ങളില്‍ സ്പെഷ്യല്‍ പോളിംഗ് ഓഫീസറുടെ നേതൃത്വത്തില്‍ നേരിട്ടെത്തിയാണ് വിതരണം നടത്തുന്നത്.
വോട്ടു രേഖപ്പെടുത്തിയശേഷം പോളിംഗ് ഓഫീസര്‍ക്ക് നേരിട്ടോ വരണാധികാരിക്ക് തപാല്‍ മാര്‍ഗമോ ആള്‍വശമോ ബാലറ്റ് എത്തിക്കാം. തപാല്‍ മാര്‍ഗം അയയ്ക്കുന്നതിന് തപാല്‍ ചാര്‍ജ് ഈടാക്കില്ല. കാലതാമസം ഒഴിവാക്കുന്നതിന് സ്പീഡ് പോസ്റ്റ് വഴി അയക്കാവുന്നതാണ്. ആരോഗ്യ വകുപ്പ് തയ്യാറാക്കിയ പട്ടികയിലുള്ളവര്‍ക്കാണ് സ്പെഷ്യല്‍ തപാല്‍ വോട്ട് അനുവദിക്കുന്നത്.