എത്ര തവണ കണ്ടാലും ഒരിക്കൽപ്പോലും കണ്ണുകളെ ഈറനണിയിക്കാതിരിക്കില്ല ആകാശദൂത് എന്ന മലയാള സിനിമ. 1993 ൽ ഇറങ്ങിയ ആ മലയാള സിനിമ 27 വർഷങ്ങൾക്കിപ്പുറം ഇപ്പോൾ കണ്ടാലും കരഞ്ഞു പോകാത്തവരായി ആരുമുണ്ടാകില്ല എന്നതാണ് സത്യം. ഇപ്പോഴും മനസ്സിനെ പിടിച്ചുലയ്ക്കുന്ന കഥയായിരുന്നു ആകാശദൂതിന്റെത്. മുരളിയും മാധവിയും ജീവൻ പകർന്ന വേഷങ്ങളിൽ ജോണിയുടെയും ആനിയുടെയും 4 കുട്ടികളുമടങ്ങുന്ന കുടുബത്തിന്റെ കഥ പറഞ്ഞ ആകാശദൂതിൽ നമ്മളെ കരയിപ്പിച്ച ഒരു പ്രധാന കാഥാപാത്രമായിരുന്നു പോളിയോ ബാധിച്ചു കാല് തളർന്ന റോണി എന്ന കൊച്ചുകുരുന്ന്. ജീവിതത്തിലുണ്ടായ പ്രശ്നങ്ങളിൽ മക്കളിൽ മൂന്നു പേരെയും ഓരോരുത്തർ ദത്തെടുത്തുകൊണ്ടു പോകുമ്പോൾ ആരും കൂട്ടാനില്ലാതെ ദുഖത്തിന്റെ ഭാരംപേറി ഒറ്റക്ക് നിൽക്കുന്ന റോണിയുടെ മുഖം പ്രേക്ഷരെ മുഴുവനും കരയിപ്പിച്ചിട്ടുണ്ട്.
കോട്ടയം സ്വദേശിയായ മാർട്ടിൻ കോരയാണ് ഈ വേഷം വെള്ളിത്തിരയിൽ ഭംഗിയാക്കിയത്. ആകാശദൂതിൽ വേഷമിടുന്നത് മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു എന്ന് മാർട്ടിൻ പറയുന്നു. കോട്ടയത്ത് തന്നെയായിരുന്നു സിനിമയുടെ ഷൂട്ടിങ്ങും എന്ന് മാർട്ടിൻ ഓർക്കുന്നു. മലയാളത്തിലെ ആകാശദൂതിനു ശേഷം സിനിമയുടെ തെലുങ്ക് റീമേക്കായ മാതൃ ദേവോ ഭവ എന്ന ചിത്രത്തിലും ഈ വേഷം മാർട്ടിൻ തന്നെയാണ് അഭിനയിച്ചത്. ആന്ധ്രാപ്രദേശ് സർക്കാറിന്റെ സംസ്ഥാന അവാർഡ് ഈ ചിത്രത്തിലെ അഭിനയത്തിന് മാർട്ടിനെ തേടിയെത്തിയിരുന്നു. തുടർന്ന് പഠനലോകത്തേക്ക് തിരിഞ്ഞ മാർട്ടിൻ ഇപ്പോൾ 8 വർഷമായി ദോഹയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്.