പ്രകൃതിക്ഷോഭ സാധ്യത; മലയോര മേഖലകളില്‍ അതീവ ജാഗ്രത.


കോട്ടയം: ന്യൂന മര്‍ദ്ദത്തെ തുടര്‍ന്ന് പ്രകൃതി ക്ഷോഭത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ മലയോര മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം. കാറ്റിന്റെ വേഗം 60 കിലോമീറ്ററില്‍ അധികമാകാന്‍ ഇടയുള്ള കേന്ദ്രങ്ങളില്‍ അടിയന്തര സാഹചര്യത്തില്‍ ക്യാമ്പുകളിലേക്ക് മാറുന്നതിന് സജ്ജരായിരിക്കാന്‍ മൈക്ക് അനൗണ്‍സ്‌മെന്റ് മുഖേന ജനങ്ങളെ അറിയിച്ചു. ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും ജനങ്ങളെ സുരക്ഷിതരായി താമസിപ്പിക്കുന്നതിനുള്ള ക്യാമ്പുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. ജില്ലയില്‍നിന്നും മത്സ്യബന്ധനത്തിന് പോയിരുന്ന തൊഴിലാളികള്‍ മത്സ്യത്തൊഴിലാളി സൊസൈറ്റികള്‍ മുഖേന ജില്ലാ ദുരന്തനിവാരണ അതോറിറ്റി നല്‍കിയ അറിയിപ്പു ലഭിച്ചതിനെത്തുടര്‍ന്ന് തിരികെയെത്തി. മത്സ്യത്തൊഴിലാളി മേഖലകളില്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മൈക്ക് അനൗണ്‍മെന്റിലൂടെ ജാഗ്രതാ നിര്‍ദേശം നല്‍കുന്നുണ്ട്. ശക്തമായ കാറ്റുമൂലം സേവനം തടസപ്പെടുന്ന പക്ഷം സമയബന്ധിതമായി പുനഃസ്ഥാപിക്കണമെന്ന് മൊബൈല്‍ കമ്പനികള്‍ക്ക് ജില്ലാ കളക്ടര്‍ രേഖാമൂലം നിര്‍ദേശം നല്‍കി. അടിയന്തര സാഹചര്യത്തില്‍ വിവരങ്ങള്‍ കൈമാറുന്നതിന് ഹാം റേഡിയോ സംവിധാനവും പ്രയോജനപ്പെടുത്തും എന്നും ജില്ലാ കളക്ടർ പറഞ്ഞു.