മാഞ്ഞൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ മാഞ്ഞൂർ ഗ്രാമപഞ്ചായത്തിലേക്ക് മൂന്നാം തവണയും വിജയക്കൊടി പാറിച്ചു ജയിച്ചു കയറിയിരിക്കുകയാണ് ബിനോയി ഇമ്മാനുവേൽ. മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് വാർഡ് 9 ൽ നിന്നുമാണ് കോൺഗ്രസ്സ് സ്ഥാനാർഥിയായ ബിനോയി വിജയിച്ചത്. കഴിഞ്ഞ മൂന്നു തവണത്തെ തെരഞ്ഞെടുപ്പുകളിലും തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗങ്ങൾ വ്യത്യസ്തമായിരുന്നു എന്ന് ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ് ചെലവായി 3000 രൂപ മാത്രമാണ് ചെലവായതെന്നു ഇദ്ദേഹം പറയുന്നു. പോസ്റ്ററും ഫ്‌ളക്‌സും ബാനറുകളും ചുവരെഴുത്തുകളുമില്ലാതെയാണ് തിളക്കമാർന്ന വിജയം ബിനോയി സ്വന്തമാക്കിയത്.
തന്നെ അറിയുന്ന നാടും നാട്ടുകാരുമാണ് ഇവിടെ ഉള്ളത്. പിന്നെ എന്തിനാണ് ചുവരെഴുത്തും പോസ്റ്ററുകളും എന്നാണ് ബിനോയി ചോദിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അഭ്യർത്ഥന മാത്രമാണ് പ്രിന്റ് ചെയ്തത്. ഇതിനാണ് 3000 രൂപ ചെലവ് വന്നതെന്നും കഴിവതും വീടുകൾ ഒറ്റയ്ക്ക് സന്ദർശിച്ചാണ് വോട്ട് അഭ്യർത്ഥിച്ചതെന്നും ബിനോയി പറഞ്ഞു.
164 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ്,എൻഡിഎ ,സ്വതന്ത്രരായ 2 സ്ഥാനാർത്ഥികൾ എന്നിവരെ പരാജയപ്പെടുത്തി ബിനോയി വിജയിച്ചത്. രണ്ടാം തവണയാണ് ബിനോയി വാർഡ് 9 ൽ നിന്നും വിജയിക്കുന്നത്. കഴിഞ്ഞ തവണ വാർഡ് 13 ലെ മെമ്പറായിരുന്നു. തന്റെ തെരഞ്ഞെടുപ്പ് പ്രചാരണം പൂർണ്ണമായും പരിസ്ഥിതി സംരക്ഷണത്തിനൊപ്പം നടത്താൻ സാധിച്ച സന്തോഷത്തിലാണ് ബിനോയി.