കോട്ടയം: ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് കോട്ടയം ജില്ലയിലേക്കാണ്. തെരഞ്ഞെടുപ്പിൽ എല്ലാവരുടെയും ശ്രദ്ധ കോട്ടയത്തേക്കാണ്. യുഡിഎഫ് മുന്നണി വിട്ട് എൽഡിഎഫ് മുന്നണിയിലെത്തിയ കേരളാ കോൺഗ്രസ്സ് എം ജോസ് കെ മാണി വിഭാഗത്തിന്റെ രാഷ്ട്രീയ നീക്കങ്ങളും കേരളാ കോൺഗ്രസ്സ് എം പാർട്ടി ചിഹ്നത്തിലുണ്ടായ തർക്കങ്ങൾക്കും തുടങ്ങി നിരവധി സംഭവ ബഹുലമായ നീണ്ട നാളുകൾക്കൊടുവിൽ എല്ലാത്തിനും മറുപടിയെന്നോണമാണ് മുന്നണികൾ ഈ തെരഞ്ഞെടുപ്പിനെ വാശിയോടെ സമീപിച്ചത്. കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ബിജെപി ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങി പ്രവർത്തിക്കുകയുമുണ്ടായി. തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനത്തിലെ വർദ്ധനവ് മുന്നണികൾക്കെല്ലാം ആശ്വാസം പകരുന്നവയാണ്. വിജയം തങ്ങൾക്കൊപ്പം സുനിശ്ചിതമെന്ന ആത്മവിശ്വാസത്തിലാണ് എല്ലാ മുന്നണികളും. ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനം ഇടത് മുന്നണിക്ക് ഗുണം ചെയ്തോ എന്നത് ഈ തെരഞ്ഞെടുപ്പോടെ മനസ്സിലാകും. കേരളാ കോൺഗ്രസ്സ് ഇടത് മുന്നണിയിൽ എത്തിയതോടെ കൂടുതൽ സീറ്റുകൾ പിടിച്ചെടുക്കാനാകും എന്ന ശുഭ പ്രതീക്ഷയിലാണ് എൽഡിഎഫ്. എന്നാൽ ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ടത് ഒരിക്കലും ക്ഷീണം ചെയ്യില്ലെന്നും ജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാകുന്നുണ്ടെന്നും വിജയം തങ്ങൾക്കൊപ്പമായിരിക്കുമെന്നുമാണ് യുഡിഎഫ് വൃത്തങ്ങൾ പറയുന്നത്.
നിലവിൽ യഥാർത്ഥ കേരളാ കോൺഗ്രസ്സും പ്രവർത്തകരും തങ്ങളാണെന്നും തങ്ങൾക്കൊപ്പമാണെന്നും തെളിയിക്കാനുള്ള പോരാട്ടം കൂടിയാണ് ഈ തെരഞ്ഞെടുപ്പ്. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പാണ് കൂടുതൽ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാനാണ് എൽഡിഎഫ് -യുഡിഎഫ് മുന്നണികൾ വാശിയേറിയ പോരാട്ടം നടത്തുന്നത്. മാണിയെ ചതിച്ചവർക്കുള്ള മറുപടിയായിരിക്കും ഈ തെരഞ്ഞെടുപ്പ് എന്ന് ജോസ് കെ മാണിയും കെ എം മാണിയുടെ രാഷ്ട്രീയ പാരമ്പര്യത്തിന് എതിരായി പ്രവർത്തിക്കുന്ന ജോസ് കെ മണിക്കുള്ള ജനങ്ങളുടെ മറുപടിയായിരിക്കും ഈ തെരഞ്ഞെടുപ്പ് എന്ന് ഉമ്മൻ ചാണ്ടിയും പറഞ്ഞു. ജില്ലക്കകത്തും പുറത്തും വൻവിജയം നേടാനാകുമെന്ന വിജയ പ്രതീക്ഷയിലാണ് മുന്നണികൾ.