കോട്ടയം: സംസ്ഥാനത്തെ 14 ജില്ലകളിലും സന്ദർശനം നടത്തുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം ഇന്ന് ജില്ലയിൽ നടന്നു. ഇന്ന് വൈകിട്ട് 4 മണിക്കാണ് പരിപാടികൾ ആരംഭിച്ചത്. കവിയത്രി സുഗതകുമാരിയുടെ വിയോഗത്തിൽ അനുശോചനം അർപ്പിച്ചു കൊണ്ടാണ് പരിപാടി ആരംഭിച്ചത്. ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള വ്യക്തികൾ പരിപാടിയിൽ സന്നിഹിതരായിരുന്നു. മികച്ച പ്രതികരണമാണ് എല്ലാവരിൽ നിന്നും ലഭിച്ചത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സംസ്ഥാനത്തിന്റെ വികസനത്തിന് മുതൽക്കൂട്ടാകാവുന്ന ഒരുപാട് നിർദ്ദേശങ്ങൾ ലഭിച്ചു. വ്യവസായ മേഖല, റബ്ബർ മേഖല, റബ്ബർ പാർക്കുകൾ, എം ജി സർവ്വകലാശാല, മെഡിക്കൽ കോളേജ് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ പരിപാടിയിൽ ഉയർന്നു വന്നതായും മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിലെ സന്ദർശന വേളയിൽ സംസ്ഥാനത്തെ വിഭവ വിനിമയത്തെക്കുറിച്ചും വികസന ആശയങ്ങളുമായി ബന്ധപ്പെടുത്തിയും വിവിധ തലങ്ങളിലുള്ളവരുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തി. ജോസ് കെ മാണി എംപി,തോമസ് ചാഴികാടൻ എംപി, മാണി സി കാപ്പൻ എംഎൽഎ, സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി വി എൻ വാസവൻ തുടങ്ങി നിരവധിപ്പേർ സംബന്ധിച്ചു.