കോട്ടയം: ക്രിസ്മസ് രാവിന് ഇനി രണ്ടു ദിവസം കൂടി മാത്രം. വിപണി സജീവമായിക്കഴിഞ്ഞു. പുൽക്കൂടുകളും ക്രിബ്സ്റ്റുകളും വാങ്ങാനായി നിരവധിപേരാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി എത്തുന്നത് എന്ന് വ്യാപാരികൾ പറഞ്ഞു. കഴിഞ്ഞ ആഴ്ച്ച വരെ മന്ദഗതിയിലായിരുന്ന ക്രിസ്മസ് വിപണി തിങ്കളാഴ്ച്ച മുതലാണ് ഉണർവ്വിലേക്ക് എത്തിയത്. ബേക്കറികളിൽ വിവിധ തരം കേക്കുകളും ലഭ്യമായി തുടങ്ങി. ഇലക്ട്രോണിക്ക് ബൾബുകളും അലങ്കാര വസ്തുക്കളും വാങ്ങാനായി വ്യാപാര സ്ഥാപനങ്ങളിൽ തിരക്ക് വർധിച്ചു തുടങ്ങി. വെള്ളിയാഴ്ച്ചയാണ് ക്രിസ്മസ്. കോവിഡിനെ തുടർന്ന് ഇത്തവണ ആഘോഷങ്ങൾ എല്ലാവരും ചുരുക്കിയിരിക്കുകയാണ്. ചെലവ് കുറച്ചു എന്നാൽ ആവേശം ഒട്ടും ചോരാതെ ക്രിസ്മസ് ആഘോഷിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. കോവിഡ് തീർത്ത പ്രതിസന്ധികൾക്കിടയിലും ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് എല്ലാവരും. കഴിഞ്ഞ വർഷം ഉണ്ടായിരുന്നത്ര വിൽപ്പന ഈ വർഷം ഇതുവരെ നടന്നിട്ടില്ല എന്ന് വ്യാപാരികൾ പറഞ്ഞു. പേപ്പർ നക്ഷത്രങ്ങൾ,പ്ലാസ്റ്റിക്ക് കോട്ടിങ് നക്ഷത്രങ്ങൾ,ഇലക്ട്രോണിക്ക് ഓട്ടോമാറ്റിക്ക് നക്ഷത്രങ്ങൾ,ക്രിസ്മസ് ട്രീ,പുൽക്കൂടുകൾ,ഓട്ടോമാറ്റിക്ക് അലങ്കാര ബൾബുകൾ തുടങ്ങി നിരവധി ക്രിസ്മസ് ആഘോഷ സാധനങ്ങൾ വിപണിയിൽ ലഭ്യമാണ്. കേക്ക് മേളകളും വരും ദിവസങ്ങളിൽ സജീവമാകും.
ക്രിസ്മസ് വിപണി ഉണർന്നു.