ശബരിമല: ശബരിമലയിൽ 36 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സന്നിധാനത്ത് 238 പേരിൽ നടത്തിയ റാപ്പിഡ് പരിശോധനയിലാണ് 36 പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. കൂടുതൽ പേർക്ക് ശബരിമലയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ പരിശോധന കൂടുതൽ കർശനമാക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. 17 ദേവസ്വം ബോർഡ് ജീവനക്കാർക്കും 18 പോലീസ് ഉദ്യോഗസ്ഥർക്കും ഒരു ഹോട്ടൽ ജീവനക്കാരനുമാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.
ശബരിമലയിൽ ഡ്യുട്ടിക്കുള്ള പോലീസുകാരിൽ കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിക്കന്നത് ആശങ്കയുളവാക്കിയിട്ടുണ്ട്. നിലയ്ക്കലിലും പമ്പയിലുമായി കൂടുതൽ പോലീസുകാർക്കാണ് കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. പോലീസ് മെസ്സുകൾ താൽക്കാലികമായി ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം അടച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ 14 ദിവസമായി ഡ്യുട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരെയാണ് പരിശോധനയ്ക്ക് വിധേയരക്കിയത്. രോഗബാധ സ്ഥിരീകരിച്ചവരെ കോവിഡ് പ്രാഥമിക പരിചരണ കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവർക്ക് ആരോഗ്യ വകുപ്പ് ക്വാറന്റയിൻ നിർദ്ദേശിച്ചു.
സന്നിധാനം എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റിന്‍റെ നേതൃത്വത്തില്‍ ആണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആന്‍റിജന്‍ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്. ഇതുവരെ 250ൽ അധികം പേർക്കാണ് ശബരിമലയിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.