കോട്ടയം: കോവിഡ് വ്യാപന ഭീതിയിൽ വിറങ്ങലിച്ചു നിൽക്കുകയാണ് നമ്മുടെ കോട്ടയം. കഴിഞ്ഞ 5 ദിവസങ്ങളിലായി ജില്ലയിൽ പ്രതിദിന രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 500 നു മുകളിലായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിനു തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനും ശേഷം വന്ന 5 ദിവസങ്ങളിലായി ജില്ലയിൽ കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിവസം തോറും ഉയരുകയായിരുന്നു. ഇന്ന് ജില്ലയിലെ പ്രതിദിന രോഗബാധിതരുടെ എണ്ണം 900 കടന്നു. ഇന്ന് മാത്രം കോട്ടയം ജില്ലയിൽ രോഗം സ്ഥിരീകരിച്ചത് 905 പേർക്കാണ്.
ജില്ലയിൽ പുതുതായി രോഗബാധ സ്ഥിരീകരിക്കുന്നവരിൽ ഭൂരിഭാഗവും സമ്പർക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിക്കുന്നത് കോട്ടയം ജില്ലയിൽ ഇത് മൂന്നാം തവണയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ആരോഗ്യ പ്രവർത്തകർക്കും കൂടുതലായി രോഗബാധ സ്ഥിരീകരിക്കുന്ന സാഹചര്യമാണ് ജില്ലയിലുള്ളത്. അടുത്ത രണ്ടാഴ്ച്ച നിര്ണായകമാണെന്നും കൂടുതൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചേക്കാമെന്നും ജാഗ്രത പാലിക്കണമെന്നും കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. സംസ്ഥാനത്ത് ആകെ സ്ഥിരീകരിക്കുന്ന കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്ന സമയത്തും അതിനാനുപാതികമായി രോഗബാധിതരുടെ എണ്ണത്തിൽ ജില്ലയിൽ കുറവ് രേഖപ്പെടുത്തുന്നില്ല എന്നുള്ളത് ജില്ലയെ സംബന്ധിച്ച് ആശങ്കയുളവാക്കുന്നുണ്ട്.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടത്തപ്പെടുമ്പോഴും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിക്കുന്നത് ജില്ലയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കോവിഡ് പ്രതിരോധ മാർഗ്ഗ നിർദേശങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണം. അടുത്ത രണ്ടാഴ്ച അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത് എന്നും സാമൂഹിക അകലം പാലിക്കണമെന്നും മാസ്ക് ശരിയായി ധരിക്കണമെന്നും കൈകൾ ഇടയ്ക്കിടെ സാനിട്ടയ്സ് ചെയ്യണമെന്നും ഇന്നലെ ആരോഗ്യ മന്ത്രി പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. ജില്ലയുടെ ഭൂരിഭാഗം മേഖലകളിലും ഇപ്പോൾ കോവിഡ് പിടി മുറുക്കിയിരിക്കുകയാണ്. രോഗബാധ കൂടുതലായി സ്ഥിരീകരിക്കുന്ന മേഖലകൾ കണ്ടെയിന്മെന്റ് സോണുകളായി തിരിച്ചു കർശന നിയന്ത്രണങ്ങളാണ് ഈ മേഖലകളിൽ തുടരുന്നത്. ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും പരിശോധനകളും ഊർജ്ജിതമായി നടത്തപ്പെടുന്നുണ്ട്.
ജില്ലയുടെ ഗ്രാമ-നഗര മേഖലകൾ വ്യത്യാസമില്ലാതെ ഭൂരിഭാഗം മേഖലകളിലും ഇപ്പോൾ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ജില്ലയിൽ കുട്ടികൾക്കും 60 വയസ്സിനു മുകളിലുള്ളവർക്കും രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. 6260 പേരാണ് കോട്ടയം ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 45660 പേര്‍ ജില്ലയിൽ കോവിഡ് ബാധിതരായി. 39280 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 13301 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.