കോട്ടയം: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ മുഴുവൻ പേർക്കും സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത് കോട്ടയം ജില്ലയിൽ. അതീവ ജാഗ്രതയോടെ പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളും കർശനമായി ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും നടത്തുമ്പോഴും ജില്ലയിൽ പ്രതിദിനം കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്കയുയർത്തിയിട്ടുണ്ട്. ഇന്ന് ജില്ലയിൽ പുതുതായി രോഗബാധ സ്ഥിരീകരിച്ചത് 387 പേർക്കാണ്. ഇവരിൽ മുഴുവൻ പേർക്കും രോഗബാധ സ്ഥിരീകരിച്ചത് സമ്പർക്കത്തിലൂടെയാണ്.
ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 2 ദിവസങ്ങളിലായി 500 നു മുകളിലായിരുന്നു പ്രതിദിനം പുതുതായി രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി ആരോഗ്യ പ്രവർത്തകർക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു. രോഗബാധ കൂടുതലായി സ്ഥിരീകരിക്കുന്ന മേഖലകൾ കണ്ടെയിന്മെന്റ് സോണുകളായി തിരിച്ചു കർശന നിയന്ത്രണങ്ങളാണ് ഈ മേഖലകളിൽ തുടരുന്നത്. ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും പരിശോധനകളും ഊർജ്ജിതമായി നടത്തപ്പെടുന്നുണ്ട്.
കോട്ടയം മേഖലയിൽ കോവിഡ് പിടി മുറുക്കിത്തന്നെയാണ്. കഴിഞ്ഞ മൂന്നു മാസത്തിലധികമായി ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിക്കുന്നത് കോട്ടയം മേഖല കേന്ദ്രീകരിച്ചാണ്. മുൻപ് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും പിന്നീട് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാഞ്ഞ മേഖലകളായ ചങ്ങനാശ്ശേരി,ഏറ്റുമാനൂർ,എരുമേലി തുടങ്ങിയ മേഖലകളിലും ഇപ്പോൾ ദിവസേന കൂടുതൽ പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ജില്ലയുടെ ഗ്രാമ-നഗര മേഖലകൾ വ്യത്യാസമില്ലാതെ ഭൂരിഭാഗം മേഖലകളിലും ഇപ്പോൾ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
സംസ്ഥാനത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ പ്രതിദിനം ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമ്പോഴും ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്താത്തത് ആശങ്കയുയർത്തുന്നുണ്ട്. മുൻദിവസങ്ങളിലേക്കാൾ കുറവ് രോഗബാധിതരുടെ എണ്ണം സംസ്ഥാനത്തെ ആകെ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ രേഖപ്പെടുത്തുമ്പോഴും ജില്ലയിൽ രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ ആനുപാതികമായ കുറവ് രേഖപ്പെടുത്തുന്നില്ല എന്നതും ആശങ്കയുയർത്തുന്നുണ്ട്. ജില്ലയിൽ കുട്ടികൾക്കും 60 വയസ്സിനു മുകളിലുള്ളവർക്കും രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്.
പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും എല്ലാവരും തയ്യാറാകണമെന്നും സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും കോവിഡ് പ്രതിരോധ നിർദേശങ്ങൾ കൃത്യമായി എല്ലാവരും പാലിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. 4729 പേരാണ് ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 38472 പേര്‍ കോട്ടയം ജില്ലയിൽ കോവിഡ് ബാധിതരായി. 33640 പേര്‍ ഇതുവരെ രോഗമുക്തി നേടി. 11434 പേര്‍ നിലവിൽ ജില്ലയിൽ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.