എരുമേലി: എരുമേലിയിൽ ഹോട്ടൽ കത്തി നശിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. എരുമേലി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുൻവശം പ്രവർത്തിക്കുന്ന ഹോട്ടലാണ് തീപിടുത്തത്തിൽ പൂർണ്ണമായും തകർന്നത്. എരുമേലിയിൽ ഉണ്ടായേക്കാമായിരുന്ന വൻ അപകടം ഒഴിവാക്കിയത് അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥരാണ്. ഇന്ന് പുലർച്ചെ നടക്കാനിറങ്ങിയ ശബരിമല സ്‌പെഷ്യൽ ഡ്യുട്ടിക്ക് എത്തിയ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരാണ് ഹോട്ടലിനുള്ളിൽ നിന്നും തീ ഉയരുന്നത് കണ്ടത്. തീ പടരുന്നത് കണ്ട അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥർ കടയുടെ പൂട്ട് പോളിച്ചു അകത്തു പ്രവേശിക്കുകയായിരുന്നു. ഇവർ അറിയിച്ചതനുസരിച്ച് താൽക്കാലിക യൂണിറ്റിൽ ഉണ്ടായിരുന്ന ഒരു ഫയർ ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി തീ അണയ്ക്കാൻ ആരംഭിച്ചങ്കിലും നിയന്ത്രണ വിദേയമായിരുന്നില്ല. തുടർന്ന് കാഞ്ഞിരപ്പള്ളിയിൽ നിന്നും രണ്ട് അഗ്നി ശമന യൂണിറ്റുകൾ കൂടി എത്തിയാണ് തീ അണച്ചത്. ഇരുപതോളം ഉദ്യോഗസ്ഥർ ചെന്ന് വളരെ സാഹസികമായാണ് തീ അണച്ചത്.
ഒരു വിഭാഗം അഗ്നി രക്ഷാ സേന കടയുടെ പിൻഭാഗത്തെ തോട്ടിൽ ഇറങ്ങി തോട്ടിലൂടെ കടയുടെ പുറകിൽ എത്തി തീ അണയ്ക്കുകയായിരുന്നു. അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർക്കും തീ അണയ്ക്കുന്നതിനിടയിൽ പരിക്കേറ്റിട്ടുണ്ട്. ഹോട്ടലിന്റെ രണ്ടു നിലകളും പൂർണ്ണമായും കത്തി നശിച്ചു. ഒരു മാസം മുൻപ് നവീകരിച്ച ഹോട്ടലാണ് പൂർണ്ണമായും അഗ്നിക്കിരയായത്. എരുമേലി താഴത്തുവീട്ടില്‍ നെജിയുടെ ഉടമസ്ഥതയിലുള്ള അല്‍മുബീന്‍ ഹോട്ടല്‍ ആണ് പൂർണ്ണമായും കത്തി നശിച്ചത്. ഇൻവെർട്ടർ പൊട്ടിത്തെറിച്ചാണ് തീപടർന്നത്. കടയുടെ രണ്ടാം നിലയുടെ സീലിംഗ് കയർ ഉപയോഗിച്ചുള്ളത് ആയിരുന്നതിനാൽ തീ അതിവേഗം പടർന്നു പിടിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലില്‍ മറ്റ് കടകളിലേയ്ക്ക് തീ പടരുന്നത് ഒഴിവാക്കാനായി. സമീപത്തുള്ള കടകള്‍ മിക്കവയും തടികൊണ്ട് നിര്‍മിച്ചവയാണ്. തീപടര്‍ന്നാല്‍ കടകള്‍ പൂര്‍ണമായും കത്തി നശിക്കുമായിരുന്നു. കാഞ്ഞിരപ്പള്ളി സ്‌റ്റേഷന്‍ ഓഫീസര്‍ ജോസഫ് ജോസഫ്, എരുമേലിസ്‌റ്റേഷന്‍ ഓഫീസര്‍ മുനവീര്‍ സമാന്‍, അസി. ഓഫീസര്‍മാരായ എസ്. പ്രസാദ്, സിനിയര്‍ ഫയര്‍ ഓഫീസര്‍മാരായ കെ. എസ്. ബിജു. ഷിബു ടി. കെ, കെ. പി. ജോയി എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്. ശബരിമല തീര്‍ഥാടനകാലത്ത് താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്ന ഫയര്‍ഫോഴ്‌സ് യൂണിറ്റുള്ളതിനാല്‍ അപകടം നടന്ന സ്ഥലത്ത് വേഗത്തില്‍ എത്താനായി. എരുമേലിയില്‍ സ്ഥിരമായി ഒരു അഗ്നിശമന സേന സ്‌റ്റേഷന്‍ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.