കോട്ടയം: അയർലണ്ടിൽ HIQA ഇൻസ്‌പെക്ടറായി സ്ഥാനമേൽക്കുന്ന ആദ്യ ഇന്ത്യക്കാരനായി നമ്മുടെ കോട്ടയം സ്വദേശിയായ എബിൻ ജോസഫ്. 2020 നവംബറിലാണ് രാജ്യത്തിനും നമ്മൾ കോട്ടയംകാർക്കും അയർലണ്ടിലെ മലയാളികൾക്കും അഭിമാനമായ നേട്ടം എബിൻ സ്വന്തമാക്കിയത്. 2009 ൽ അയർലണ്ടിലെത്തിയ ഞൊണ്ടിമാക്കൽ എബിൻ ജോസഫ് കോട്ടയം എരുമേലി മുക്കൂട്ടുതറ സ്വദേശിയാണ്. അയർലണ്ടിലെ ഹിക്വാ (HIQA – Health Information and Quality Authority) ഇൻസ്പെക്ടറായി സ്ഥാനമേൽക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ഇദ്ദേഹം. മംഗലാപുരത്തെ ഡോക്ടർ എം.വി. ഷെട്ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസിൽ നിന്നും ബി.എസ്.സി നേഴ്സിംഗും, നിറ്റ് കോളേജ് (Nitte College) ഓഫ് നഴ്സിംഗിൽ നിന്നും എം.എസ്.സി നേഴ്സിംഗും പൂർത്തിയാക്കിയ എബിൻ 2009 ലാണ് അയർലണ്ടിലെ കോർക്കിൽ സ്റ്റാഫ് നഴ്‌സായി എത്തുന്നത്. കോർക്കിലെ കെഹീറിൻ കെയർ സെന്ററിൽ സ്റ്റാഫ് നേഴ്‌സായി അയർലണ്ടിലെ കരിയർ ആരംഭിച്ച എബിൻ പിന്നീട് ഡാരാഗ്ലിൻ (Darraglynn) നഴ്സിങ് ഹോമിൽ ഡയറക്ടറായും ക്രെമേഴ്‌സ് കോർട്ട് നഴ്സിങ് ഹോമിൽ ഡയറക്ടറായും പേഴ്സൺ ഇൻ ചാർജായും സേവനമനുഷ്ഠിച്ചു. ലാർച്ച് ഇന്റർനാഷണൽ ഇന്റലക്ച്വൽ ഡിസബിലിറ്റി സെന്ററിൽ പേഴ്സൺ ഇൻ ചാർജായി ജോലി ചെയ്തുകൊണ്ടിരിക്കുമ്പോളാണ് ഹിക്വാ ഇൻസ്‌പെക്ടറായി നിയമനം ലഭിച്ചത്. അയർലന്റിലുള്ള എല്ലാ സോഷ്യൽ കെയർ ഫെസിലിറ്റികളും പ്രവർത്തന നിലവാരം ഉറപ്പുവരുത്തുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ് ഒരു ഹിക്വാ ഇൻസ്‌പെക്ടരുടെ ജോലി. ഈ സ്ഥാനത്തേക്കുള്ള പരീക്ഷയും അഭിമുഖ പരീക്ഷയും വളരെയധികം കഠിനമായിരുന്നു എന്ന് എബിൻ പറഞ്ഞു. 2014-ൽ യൂണിവേഴ്സിറ്റി കോളേജ് കോർക്കിൽ നിന്നും പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ ജെറന്റോളോജി പഠനവും എബിൻ പൂർത്തിയാക്കി. ഭാര്യ ആഷ ജോസഫ് ഡാരാഗ്ലിൻ നഴ്സിങ് ഹോമിൽ നേഴ്സാണ്. മക്കൾ ഏബൽ, അനബെല്ല, ആൻജെലീന എന്നിവർ കാരിഗ്ഗലയിൻ (Carrigaline) ഹോളിവെൽ നാഷണൽ സ്കൂൾ വിദ്യാർത്ഥികളാണ്. അയർലണ്ടിലെ കോർക്കിലാണ് എബിനും കുടുംബവും താമസിക്കുന്നത്.
അയർലണ്ടിൽ HIQA ഇൻസ്‌പെക്ടറായി കോട്ടയം എരുമേലി സ്വദേശി.