ക്രിസ്മസ് ആഘോഷങ്ങൾക്കൊരുങ്ങി അക്ഷര നഗരി.


കോട്ടയം: തിരുപ്പിറവിയുടെ സന്ദേശം അറിയിച്ചു നക്ഷത്രങ്ങളുടെ വർണ്ണ വിസ്മയത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി. ക്രിസ്മസ് രാവിന് ഇനി ഏതാനും മണിക്കൂറുകൾ മാത്രം. നാടും നഗരവും തിരുപ്പിറവിയുടെ ആഘോഷങ്ങൾക്കായി ഒരുങ്ങിക്കഴിഞ്ഞു. കോവിഡ് തീർത്ത പ്രതിസന്ധികളിൽ ഈ വർഷം ജാഗ്രതയോടും കരുതലോടും കൂടിയാണ് ക്രിസ്മസ് ആഘോഷങ്ങൾ. ക്രിസ്മസ് ആഘോഷങ്ങൾക്കായി അക്ഷര നഗരി ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ്. വീടുകളിലും സ്ഥാപനങ്ങളിലും ക്രിസ്മസ് നക്ഷത്രങ്ങൾ വിവിധ നിറത്തിൽ പ്രകാശം ചൊരിഞ്ഞു നിൽക്കുന്ന കാഴ്ച്ച കാണാം. ക്രിസ്മസ് ട്രീയും പുൽക്കൂടുകളും അലങ്കാരങ്ങളും നക്ഷത്രങ്ങളും ക്രിസ്മസ് രാവിനെ വരവേൽക്കാനുള്ള ആഘോഷത്തിൽ വീടുകളിൽ ഒരുങ്ങിക്കഴിഞ്ഞു. കോവിഡ് പ്രതിസന്ധികൾക്കിടയിലും പ്രത്യാശയുടെ സന്ദേശമറിയിച്ച്ചു എത്തുന്ന ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് എല്ലാവരും. വ്യാപാര സ്ഥാപനങ്ങളിൽ നക്ഷത്രങ്ങൾ,പുൽക്കൂടുകൾ,ഇലക്ട്രോണിക്ക് ബൾബുകൾ,അലങ്കാര വസ്ത്തുക്കൾ തുടങ്ങിയ സാധനങ്ങൾ വാങ്ങുന്നതിനായി തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. 



    ജില്ലയുടെ നഗര മേഖലകളിലും ഗ്രാമീണ മേഖലകളിലും ക്രിസ്മസ് വിപണി സജീവമായിക്കഴിഞ്ഞു. തിങ്കളാഴ്ച്ച മുതലാണ് ക്രിസ്മസ് വിപണി ഉണർവിലെത്തിയതെന്നു വ്യാപാരികളും പറയുന്നു. മുൻവർഷത്തെ അപേക്ഷിച്ച് വ്യാപാരം കുറവാണെങ്കിലും എടുത്തു വെച്ച സാധനങ്ങൾ വിറ്റഴിയുന്നുണ്ടെന്നു വ്യാപാരികൾ പറഞ്ഞു. രാത്രിയിൽ വർണ്ണവിസ്മയം തീർത്ത് നക്ഷത്രങ്ങൾ പ്രകാശം ചൊരിഞ്ഞു നിൽക്കുന്ന കാഴ്ച്ചയ്ക്ക് ഒരു പ്രത്യേകത തന്നെയുണ്ട്. കുട്ടികളുള്ള വീടുകളിൽ ക്രിസ്മസ് കൂടുതലായും വലിയ ആഘോഷം തന്നെയാണ്. കേക്ക് മേളകളും ആരംഭിച്ചു കഴിഞ്ഞു. രുചി വൈവിധ്യങ്ങളാൽ സമ്പുഷ്ടമായ വിവിധതരം കേക്കുകളും വിപണിയിൽ ലഭ്യമായി തുടങ്ങി.  പേപ്പർ നക്ഷത്രങ്ങൾ,പ്ലാസ്റ്റിക്ക് കോട്ടിങ് നക്ഷത്രങ്ങൾ,ഇലക്ട്രോണിക്ക് ഓട്ടോമാറ്റിക്ക് നക്ഷത്രങ്ങൾ,ക്രിസ്മസ് ട്രീ,പുൽക്കൂടുകൾ,ഓട്ടോമാറ്റിക്ക് അലങ്കാര ബൾബുകൾ തുടങ്ങി നിരവധി ക്രിസ്മസ് ആഘോഷ സാധനങ്ങൾ വിപണിയിൽ ലഭ്യമാണ്. ഈ വർഷം ചൈനീസ് ഉത്പ്പന്നങ്ങൾ വിപണിയിൽ ലഭ്യമല്ല. സംസ്ഥാനത്തിനകത്ത് തന്നെ നിർമ്മിച്ച ഇലക്ട്രോണിക്ക് സ്റ്റാറുകളും ബൾബുകളും വിലക്കുറവിൽത്തന്നെ വിപണിയിൽ ലഭ്യമാണ്. വിവിധ തരാം നക്ഷത്രങ്ങൾ വിപണിയിൽ ലഭ്യമാണ്. കോവിഡിനെ തുടർന്ന് ഇത്തവണ ആഘോഷങ്ങൾ എല്ലാവരും ചുരുക്കിയിരിക്കുകയാണ്. ചെലവ് കുറച്ചു എന്നാൽ ആവേശം ഒട്ടും ചോരാതെ ക്രിസ്മസ് ആഘോഷിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് വലിയ രീതിയിലുള്ള വിലവർദ്ധനവ് ഒന്നിലും ഉണ്ടായിട്ടില്ല എന്ന് വ്യാപാരികൾ പറഞ്ഞു. എങ്കിലും കോവിഡ് മൂലം പ്രതിസന്ധികൾ നിലനിൽക്കുന്നതിനാൽ എല്ലാവരും ആഘോഷങ്ങൾ ചുരുക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു ദേവാലയങ്ങളിൽ പാതിരാ കുർബാനയ്ക്കു ഒരുക്കങ്ങൾ ആരംഭിച്ചു. വീടിനു പുറത്തുള്ള ക്രിസ്മസ് ആഘോഷങ്ങൾ കോവിഡ് പശ്ചാത്തലത്തിൽ ഈ വർഷം ഉപേക്ഷിക്കുന്നതാണ് നല്ലത്. വെള്ളിയാഴ്ച്ചയാണ് ക്രിസ്മസ്. 

ചിത്രം:ബിനു.