തദ്ദേശ തെരഞ്ഞെടുപ്പ് ഫലം 16ന്; വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജം.


തിരുവനന്തപുരം: ഡിസംബര്‍ 16 ന് നടക്കുന്ന വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കോവിഡ് ബാധിതര്‍ക്കു വിതരണം ചെയ്ത സ്‌പെഷ്യല്‍ തപാല്‍വോട്ടുകള്‍ ഉള്‍പ്പെടെയുള്ള പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ ബ്ലോക്ക് തലത്തിലുള്ള വിതരണ, സ്വീകരണ കേന്ദ്രങ്ങളില്‍ നടക്കും. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും അതാത് സ്ഥാപനങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ വോട്ടെണ്ണും. ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും പോസ്റ്റല്‍ വോട്ടുകള്‍ അതാത് വരണാധികാരികളാണ് എണ്ണുക. 

    കോട്ടയം ജില്ലയിൽ വോട്ടെണ്ണൽ നടക്കുന്നത് 17 കേന്ദ്രങ്ങളിലാണ്. കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ചൊവ്വാഴ്ച (ഡിസംബര്‍ 15) അണുവിമുക്തമാക്കും. കൗണ്ടിംഗ് ഓഫീസര്‍മാര്‍ കയ്യുറയും മാസ്‌കും ഫേസ് ഷീല്‍ഡും ധരിക്കും. കൗണ്ടിംഗ് ഹാളില്‍ എത്തുന്ന സ്ഥാനാര്‍ത്ഥികളും കൗണ്ടിംഗ് ഏജന്റുമാരും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണം. ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്രത്യേക കൗണ്ടിംഗ് ഹാളുകളും സജ്ജീകരിക്കും. 

    മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിംഗ് ഹാള്‍ ഉണ്ടാകും. പരമാവധി എട്ട് പോളിംഗ് സ്‌റ്റേഷനുകള്‍ക്ക് ഒരു ടേബിള്‍ എന്ന രീതിയിലാകും സാമൂഹ്യ അകലം പാലിച്ച് കൗണ്ടിംഗ് ടേബിളുകള്‍ സജ്ജീകരിക്കുക. ഒരു വാര്‍ഡിലെ എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലെയും വോട്ടെണ്ണല്‍ ഒരു ടേബിളില്‍ തന്നെ ക്രമീകരിക്കും.

    കൗണ്ടിംഗ് ഹാളില്‍ സജ്ജീകരിച്ചിട്ടുള്ള വോട്ടെണ്ണല്‍ മേശകളുടെ എണ്ണം കണക്കാക്കിയാകും സ്‌ട്രോങ്‌റൂമില്‍ നിന്നും കണ്‍ട്രോള്‍ യൂണിറ്റുകള്‍ എത്തിക്കുക. വോട്ടെണ്ണല്‍ ആരംഭിക്കേണ്ടത് ഒന്നാം വാര്‍ഡ് മുതല്‍ എന്ന ക്രമത്തിലാണ്. ഒരു വാര്‍ഡില്‍ ഒന്നിലധികം ബൂത്തുകളുണ്ടെങ്കില്‍ അവ ഒരു ടേബിളിലാണ് എണ്ണുക. ത്രിതല പഞ്ചായത്തുകളില്‍ ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസറും രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റുമാരും നഗരസഭകളില്‍ ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസറും ഒരു കൗണ്ടിംഗ് അസിസ്റ്റന്റും ഉണ്ടാകും. 

    തദ്ദേശ തിരഞ്ഞെടുപ്പ് ഫലം തത്സമയം ജനങ്ങളിലെത്തിക്കാന്‍ ട്രെന്‍ഡ് വെബ്‌സൈറ്റ് (TREND) സജ്ജമായി. ബുധനാഴ്ച (ഡിസംബര്‍ 16) നടക്കുന്ന വോട്ടെണ്ണലിന്റെ പുരോഗതി കൃത്യവും സമഗ്രവുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ട്രെന്‍ഡ് വെബ്‌സൈറ്റില്‍ തത്സമയം ലഭിക്കും. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും ഫലം ജില്ലാ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിങ്ങനെ തിരിച്ച് ഒറ്റ നോട്ടത്തില്‍ മനസിലാകുന്ന വിധം സൈറ്റില്‍ കാണാം. ഓരോ തദ്ദേശ സ്ഥാപനത്തിലേയും വോട്ടെണ്ണല്‍ നില വാര്‍ഡുകളിലെ പോളിംഗ് സ്‌റ്റേഷന്‍ അടിസ്ഥാനത്തിലും മനസിലാക്കാം. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് (എന്‍.ഐ.സി) വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്.