ജില്ലയിലെ 30 സെൻസിറ്റീവ് ബൂത്തുകളിൽ 17 ഇടത്ത് വെബ് കാസ്റ്റിംഗ് സംവിധാനം.



കോട്ടയം: ജില്ലയിലെ 30 സെൻസിറ്റീവ് ബൂത്തുകളിൽ 17 ഇടത്ത് വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തി. വോട്ടെടുപ്പ് ദിവസമായ ഡിസംബര്‍ 10 രാവിലെ 5.30 മുതല്‍ പോളിംഗ് തീരുന്നതുവരെ ഈ ബൂത്തുകളിലെ നടപടികള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും തിരഞ്ഞെടുപ്പ് കണ്‍ട്രോള്‍ റൂമിലും വെബ് കാസ്റ്റിംഗിലൂടെ തത്സമയം വീക്ഷിക്കാനാകും. കെല്‍ട്രോണും ഐ.ടി മിഷനും ചേര്‍ന്നൊരുക്കിയ വെബ് കാസ്റ്റിംഗ് സംവിധാനം ജില്ലാ കളക്ടര്‍ എം. അഞ്ജന പരിശോധിച്ചു. എല്ലാ കേന്ദ്രങ്ങളിലും അക്ഷയ സംരംഭകരാണ് ഇതിനുവേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്.  ശേഷിക്കുന്ന 13 ബൂത്തുകളിലെ നടപടികള്‍ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തും. സ്ഥാനാര്‍ഥികളുടെ ആവശ്യപ്രകാരം രണ്ടു പോളിംഗ് ബൂത്തുകളില്‍ അവരുടെ ചിലവില്‍ തിരഞ്ഞെടുപ്പ് വിഭാഗത്തില്‍നിന്നും വീഡിയോഗ്രാഫി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചങ്ങനാശേരി -1, ഈരാറ്റുപേട്ട-2, കുമരകം-8, മണിമല -6 , പൊന്‍കുന്നം -7, തലയോലപ്പറമ്പ് -4, വൈക്കം -2 എന്നിങ്ങനെയാണ് വിവിധ പോലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള സെന്‍സിറ്റീവ് ബൂത്തുകളുടെ എണ്ണം. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇവ നിര്‍ണയിച്ചിട്ടുള്ളത്.