എരുമേലിയിലും കൂട്ടിക്കലും വോട്ടെടുപ്പ് തടസ്സപ്പെട്ടു.


കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ എരുമേലിയിലും മുണ്ടക്കയം കൂട്ടിക്കലും വോട്ടെടുപ്പ് തടസ്സപ്പെട്ടു. എരുമേലി ശ്രീനിപുരത്തെ വോട്ടിങ് യന്ത്രം തകരാറിലായതുമൂലമാണ് വോട്ടിങ് തടസ്സപ്പെട്ടത്. 2 തവണയാണ് ഇവിടെ വോട്ടിങ് യന്ത്രം തകരാറിലായത്. തുടർന്ന് ഒരു മണിക്കൂറോളം പോളിംഗ് തടസ്സപ്പെട്ടു. എരുമേലി ഗ്രാമപഞ്ചായത്ത് ശ്രീനിപുരം കോളനി വാർഡിലെ പോളിംഗ് ബൂത്ത്‌ ആയ നെടുങ്കാവുവയൽ ഗവ. എൽ പി സ്കൂളിലെ രണ്ടാം നമ്പർ ബൂത്തിലാണ് വോട്ടിംഗ് യന്ത്രം തകരാറിലായത്. കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ ഇളംകാട് അഞ്ചാം വാർഡ് ബൂത്തിൽ പോളിംഗ് ഉദ്യോഗസ്ഥന് പിഴവ് സംഭവിച്ചതിനെ തുടർന്ന് വോട്ടിങ് രാവിലെ 6 മണിക്ക് ആരംഭിച്ചു. ഇത് എതിർപ്പിന് കാരണമാകുകയും ഉദ്യോഗസ്ഥനെ മാറ്റുകയും ചെയ്തു. 6 മണിക്ക് വോട്ട് ചെയ്തവർക് വീണ്ടും വോട്ട് ചെയ്യാൻ അവസരം നൽകും. പാമ്പാടിയിലെ ഒരു ബൂത്തിലും വോട്ടിങ് യന്ത്രം കേടായി. കാഞ്ഞിരപ്പള്ളിയില്‍ പതിനാറാം വാര്‍ഡിലും വിഴിക്കത്തോട് 17-ാം വാർഡിലും വോട്ടിംഗ് മെഷീനില്‍ തകരാർ കണ്ടെത്തി.