കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾക്ക് അവസാനമെടുക്കുന്നതോടെ ആവേശത്തിലും ഒപ്പം വിജയ പ്രതീക്ഷയിലുമാണ് മുന്നണികൾ. രാഷ്ട്രീയ കേരളം ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഉറ്റുനോക്കുന്നത് കോട്ടയത്തെ ജനവിധിയിലാണ്. ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ച ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങളും കേരളാ കോൺഗ്രസ്സ് എം ജോസ് കെ മാണി വിഭാഗത്തിന്റെ ഇടത് മുന്നണി പ്രവേശനവും ഈ തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്നു കണ്ടറിയാനായി സസൂക്ഷ്മം രാഷ്ട്രീയ കേരളം വീക്ഷിക്കുന്നത് കോട്ടയത്തെ ജനവിധിയാണ്. യഥാർത്ഥ കേരളാ കോൺഗ്രസ്സ് തങ്ങളാണെന്നും പ്രവർത്തകർ തങ്ങൾക്കൊപ്പമാണെന്നും തെളിയിക്കാനുള്ള കടുത്ത മത്സരമാണ് ജോസ്-ജോസഫ് വിഭാഗങ്ങൾ നടത്തുന്നത്. ജോസ് കെ മാണി എൽഡിഎഫിൽ എത്തിയത് മുന്നണിക്ക് ഗുണം ചെയ്യുമെന്നും ജില്ലാ പഞ്ചായത്ത് ഭരണം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി. എന്നാൽ ജോസ് കെ മാണി വിഭാഗം മുന്നണി വിട്ടു പോയത് ഒരിക്കലും തങ്ങൾക്ക് ക്ഷീണമാകില്ലെന്നും അത് ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് മനസ്സിലാകും എന്ന നിലപാടിലാണ് യുഡിഎഫ്.
സംസ്ഥാന സർക്കാരിന്റെ പദ്ധതികളും ഭരണ നേട്ടങ്ങളും തുടങ്ങിയ കാര്യങ്ങൾ എണ്ണിപ്പറഞ്ഞാണ് ഇടതു മുന്നണി സ്ഥാനാർത്ഥികൾ മത്സര രംഗത്തുള്ളത്. അധികാരത്തിലെത്തിയാൽ നടപ്പിലാക്കുന്ന പദ്ധതികളുടെ വിവരങ്ങൾ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് സ്ഥാനാർത്ഥികൾ പ്രചാരണ രംഗം കൊഴുപ്പിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ ജനങ്ങൾക്ക് എത്തിക്കാനായി പദ്ധതികളും വികസന പ്രവർത്തനങ്ങളും നഷ്ടമാകാതിരിക്കാൻ വോട്ട് നൽകി വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചാണ് ബിജെപിയും തെരഞ്ഞെടുപ്പ് അങ്കത്തട്ടിൽ രംഗത്തുള്ളത്. ജനവിധി തങ്ങൾക്കൊപ്പമാകുമെന്ന വിജയ പ്രതീക്ഷയിലാണ് എല്ലാ മുന്നണികളും. ഒപ്പം ജില്ലയിൽ ജനപക്ഷ സ്ഥാനാർത്ഥികളും വൺ ഇന്ത്യ വൺ പെൻഷൻ സ്ഥാനാർത്ഥികളും ട്വൻറി ട്വൻറി സ്ഥാനാർത്ഥികളും മത്സര രംഗത്തുണ്ട്.