കോട്ടയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധത്തിന്റെ സുരക്ഷയൊരുക്കി കോട്ടയം നാളെ പോളിംഗ് ബൂത്തിലേക്ക്. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന കോട്ടയത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ല നാളെ ജനവിധിയെഴുതും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലയിലെ സജ്ജീകരണങ്ങൾ പൂർത്തിയായതായി ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. കോട്ടയം ജില്ലയിലെ 1512 വാർഡ്/ഡിവിഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുള്ളത് 5432 സ്ഥാനാർത്ഥികളാണ്. ഗ്രാമപഞ്ചായത്ത്,ബ്ലോക്ക് പഞ്ചായത്ത്,ജില്ലാ പഞ്ചായത്ത്,നഗരസഭകൾ എന്നിവ ഉൾപ്പടെയുള്ള കണക്കുകളാണിവ. ജില്ലാ പഞ്ചായത്ത് 22 ഡിവിഷനുകളിലായി മത്സര രംഗത്തുള്ളത് 89 സ്ഥാനാർത്ഥികളാണ്. 491 സ്ഥാനാർത്ഥികളാണ് ബ്ലോക്ക് പഞ്ചായത്തുകളിലേക്കുള്ള 146 വാർഡുകളിലായി മത്സര രംഗത്തുള്ളത്.
ജില്ലയിലെ 1140 ഗ്രാമപ്പഞ്ചായത്ത് വാർഡുകളിലായി മത്സരിക്കുന്നത് 4118 സ്ഥാനാർത്ഥികളാണ്. ജില്ലയിലെ 6 നഗരസഭകളിലായി 204 വാർഡുകളാണ് ഉള്ളത്. 204 വാർഡുകളിലായി മത്സര രംഗത്തുള്ളത് 734 സ്ഥാനാർത്ഥികളാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ 6928 കന്നി വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും. ഗ്രാമപഞ്ചായത്തുകളിലേക്ക് വെള്ളയും, ബ്ലോക്കുകളിൽ പിങ്കും, ജില്ലാ പഞ്ചായത്തുകളിൽ ആകാശ നീല(സ്‌കൈ ബ്ലൂ)യുമാണ് തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളിൽ പതിപ്പിക്കുന്ന ലേബലുകളുടെയും ബാലറ്റ് പേപ്പറുകളുടെയും നിറം. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും വെള്ള നിറമാണ് ഉപയോഗിക്കുക.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടർപട്ടികയിൽ കോട്ടയം ജില്ലയിൽ 1613594 വോട്ടർമാരാണുള്ളത്. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് പോളിംഗ് സമയം. കോവിഡ് പ്രതിരോധ മാർഗ്ഗ നിർദേശങ്ങൾ കർശനമായി പാലിച്ചായിരിക്കും വോട്ടെടുപ്പ് നടക്കുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് എരുമേലി ഗ്രാമപഞ്ചായത്തിലാണ്. 35006 വോട്ടര്‍മാരാണ് എരുമേലി ഗ്രാമപഞ്ചായത്തിലുള്ളത്. ഏറ്റവും കുറവ് തലനാട് ഗ്രാമപഞ്ചായത്തിലും. 5618 വോട്ടർമാരാണ് ഇവിടെയുള്ളത്. 2332 പോളിംഗ് ബൂത്തുകളാണ് ജില്ലയിൽ ക്രമീകരിച്ചിരിക്കുന്നത്. വോട്ടെടുപ്പിനായി പോകുമ്പോൾ സാമൂഹിക അകലം പാലിക്കാനും മാസ്ക് ധരിക്കാനും കൈകൾ സാനിട്ടയ്സ് ചെയ്യാനും ശ്രദ്ധിക്കണം. കരുതലും ജാഗ്രതയും കൈവിടാതെ വേണം തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ.