ജനവിധിക്കൊരുങ്ങി കോട്ടയം, വോട്ടെടുപ്പ് രാവിലെ 7 മുതൽ.


കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിനായി കോട്ടയം ഒരുങ്ങിക്കഴിഞ്ഞു. കോട്ടയം ഉൾപ്പടെ 5 ജില്ലകളാണ് ഇന്ന് ജനവിധിക്കായി പോളിംഗ് ബൂത്തിലെത്തുന്നത്. കോട്ടയം,എറണാകുളം,തൃശൂർ,പാലക്കാട്,വയനാട് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിനായി കോട്ടയം ജില്ലയിലെ 2332 പോളിംഗ് ബൂത്തുകളും സജ്ജമായി. പോളിംഗ് ഉദ്യോഗസ്ഥർ ബൂത്തുകളിൽ പ്രാഥമിക ക്രമീകരണങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. രാവിലെ ആറിന്  മോക് പോള്‍ നടത്തും. രാവിലെ ഏഴുമുതലാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത്. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലേക്ക്   1512 നിയോജക മണ്ഡലങ്ങളിലായി  5432 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ജില്ലയില്‍ ആകെ 1613594 വോട്ടര്‍മാരാണുള്ളത്. വൈകുന്നേരം ആറു വരെയാണ് വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്താനുള്ള സമയം. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനു ശേഷം ആരോഗ്യ വകുപ്പ് കോവിഡ് സ്ഥിരീകരിക്കുകയോ ക്വാറന്റയിന്‍ നിര്‍ദേശിക്കുകയോ ചെയ്ത വോട്ടര്‍മാര്‍ക്ക് ബൂത്തില്‍ എത്തി വോട്ടു രേഖപ്പെടുത്തുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടിംഗ് യന്ത്രങ്ങളും കോവിഡ് പ്രതിരോധ സാമഗ്രികളും ഉള്‍പ്പെടെയുള്ള സാധന സാമഗ്രികളാണ് ഓരോ ബൂത്തിലേക്കും ലഭ്യമാക്കിയിട്ടുള്ളത്. ഗ്രാമ പഞ്ചായത്തുകളിലെ ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കണ്‍ട്രോള്‍ യൂണിറ്റുമാണുള്ളത്.ഒരു ബാലറ്റ് യൂണിറ്റും ഒരു കണ്‍ട്രോള്‍ യൂണിറ്റും അടങ്ങുന്നതാണ് നഗരസഭകളിലെ വോട്ടിംഗ് യന്ത്രം.