തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തമായ മുന്നേറ്റം നടത്തും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അപവാദ പ്രചാരണങ്ങളും സംഘടിതമായ ആക്രമണങ്ങളും സർക്കാരിനെതിരെ നടത്തുമ്പോഴും കരുത്തോടെ ജനക്ഷേമ പരിപാടികളും പദ്ധതികളുമായി സർക്കാർ മുന്നോട്ട് തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിദിന കോവിഡ് അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
ജനക്ഷേമം മുൻനിർത്തി ജനങ്ങൾക്കൊപ്പം നിൽക്കുന്നതിനാലാണ് ഇടതുപക്ഷ ജാനാധിപത്യ മുന്നണി ജനങ്ങളുടെ ഹൃദയത്തിൽ ഇടം നേടിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വർണ്ണക്കടത്ത് കേസിൽ ആരെയും സംരക്ഷിക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല, ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വന്നത് മുതൽ നിരവധി വികസന പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടത്തിയിട്ടുള്ളത്. കോവിഡ് കാലത്ത് ക്ഷേമ പദ്ധതികളും പ്രളയ ദുരിതാശ്വാസവും ലൈഫ് പദ്ധതിയും ഉൾപ്പടെ നിരവധി ജനക്ഷേമ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിയിട്ടുള്ളത് എന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്തെ വികസന ജനക്ഷേമ പദ്ധതികളെ സംശയത്തിന്റെ നിഴലിലാക്കുന്നതാണ് ഇപ്പോൾ അന്വേഷണ ഏജൻസികൾ സ്വീകരിച്ചു വരുന്ന രീതി എന്നും സർക്കാരിനെതിരെ വ്യാജ പ്രചാരണവുമായി തെരഞ്ഞെടുപ്പ് അടുത്തതോടെ നിരവധിപ്പേരാണ് ഇറങ്ങിത്തിരിച്ചിരിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.