പോളിംഗ് ബൂത്തുകളില്‍ കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം;ജില്ലാ കളക്ടർ.


കോട്ടയം: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തുകളില്‍ കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. എല്ലാ പോളിംഗ് സ്റ്റേഷനുകളും നാളെ അണു വിമുക്തമാക്കും. ബൂത്തിന് പുറത്ത് വെള്ളവും സോപ്പും ബൂത്തിനുള്ളില്‍ സാനിറ്റൈസറും ലഭ്യമാക്കും. ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേക്ക് പോകുമ്പോഴും സാനിറ്റൈസര്‍ നല്‍കുന്നതിന് പോളിംഗ് അസിസ്റ്റന്റുമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥര്‍ ഫേസ് ഷീല്‍ഡ്, മാസ്‌ക്, സാനിറ്റൈസര്‍, കയ്യുറ എന്നിവ ധരിക്കണം. പോളിംഗ് സ്റ്റേഷനുകളില്‍ ഉപയോഗിച്ച മാസ്‌കുകളും ഗ്ലൗസുകളും പ്രത്യേകം കാരി ബാഗുകളില്‍ ശേഖരിക്കും. ഇവ അതത് മേഖലകളിലെ സര്‍ക്കാര്‍ ആശുപത്രികളിലും കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലും എത്തിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കും എന്നും ജില്ലാ കളക്ടർ പറഞ്ഞു. 

    സാമൂഹ്യ അകലം പാലിച്ച് വോട്ടു ചെയ്യുന്നതിന് ബൂത്തുകള്‍ക്കു മുന്നില്‍ നിശ്ചിത അകലത്തില്‍ പ്രത്യേകം മാര്‍ക്ക് ചെയ്യും. വോട്ടു ചെയ്യാന്‍ എത്തുന്നവര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. ക്യൂവില്‍ നില്‍ക്കുമ്പോഴും പോളിംഗ് ബൂത്തില്‍ പ്രവേശിക്കുമ്പോഴും മാസ്‌ക് ശരിയായ രീതിയിലാണ് ധരിച്ചിരിക്കുന്നതെന്ന് ഉറപ്പാക്കണം. തിരിച്ചറിയല്‍ വേളയില്‍ മാത്രം ആവശ്യമെങ്കില്‍ മാസ്‌ക് മാറ്റാവുന്നതാണ്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ക്യൂ ഉണ്ടാകും. മറ്റുള്ളവരുമായി ഇടപഴകുന്നതും ഹസ്തദാനം നല്‍കുന്നതും ഒഴിവാക്കണം. ഭിന്നശേഷിക്കാര്‍, രോഗബാധിതര്‍, 70 വയസിന് മുകളിലുള്ളവര്‍ എന്നിവര്‍ക്ക് ക്യൂ നില്‍ക്കാതെ വോട്ട് ചെയ്യാം. ബൂത്തിനകത്ത് ഒരേ സമയം മൂന്നു വോട്ടര്‍മാര്‍ക്കു മാത്രമാണ് പ്രവേശനം അനുവദിക്കുക. 

    ബൂത്തില്‍ പ്രവേശിക്കുമ്പോള്‍ തിരിച്ചറിയല്‍ രേഖ കാണിക്കണം. രജിസ്റ്ററില്‍ ഒപ്പും വിരലടയാളവും പതിക്കണം. ഒരു പോളിംഗ് സ്റ്റേഷനില്‍ നാല് പോളിംഗ് ഉദ്യോഗസ്ഥരും ഒരു പോളിംഗ് അസിസ്റ്റന്റും ഒരു പോലീസ് ഉദ്യോഗസ്ഥനും ഉണ്ടാകും. ബൂത്ത് ഏജന്റുമാരുടെ ഇരിപ്പിടങ്ങള്‍ സാമൂഹ്യ അകലം പാലിച്ചാകും ക്രമീകരിക്കുക. വോട്ടിംഗ് കേന്ദ്രത്തിലേക്ക് ആളുകള്‍ കൂട്ടമായി വാഹനത്തിലെത്തുന്നത് ഒഴിവാക്കണം. കഴിവതും ഒറ്റയ്‌ക്കോ കുടുംബാംഗങ്ങളുമായി മാത്രമോ എത്തുക. വോട്ടു ചെയ്തു കഴിഞ്ഞാലുടന്‍ മടങ്ങിപ്പോകേണ്ടതാണ്. വീട്ടില്‍ മടങ്ങിയെത്തിയാലുടന്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കഴുകുകയും കുളിക്കുകയും വേണം.