ന്യുനമർദ്ദം; എന്‍.ഡി.ആര്‍.എഫ് കോട്ടയത്ത്,പോലീസും ഫയര്‍ഫോഴ്‌സും സജ്ജം.


കോട്ടയം: ബുറേവി ചുഴലിക്കാറ്റിന്റെയും അതിതീവ്ര ന്യുനമർദ്ധത്തിന്റെയും മുന്നറിയിപ്പുകൾ ലഭിച്ച സാഹചര്യത്തിൽ ബുധനാഴ്ച്ച ജില്ലയില്‍ എത്തിച്ചേര്‍ന്ന എന്‍.ഡി.ആര്‍.എഫ് സംഘം വിവിധ മേഖലകളില്‍ സന്ദര്‍ശനം നടത്തി. ഇന്നു രാവിലത്തെ സാഹചര്യം വിലയിരുത്തിയ ശേഷമായിരിക്കും കോട്ടയത്ത് ക്യാമ്പു ചെയ്യുന്ന ഇവരുടെ സേവനം ആവശ്യമുള്ള മേഖല ഏതെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനിക്കുക. പോലീസ്, ഫയര്‍ ഫോഴ്‌സ്, ഉദ്യോഗസ്ഥരുടെ വിന്യാസം സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടുന്നതിന് ആവശ്യമായ സാമഗ്രികളുടെയും വാഹനങ്ങളുടെയും ലഭ്യത ഉറപ്പാക്കി. പ്രാദേശിക തലങ്ങളില്‍ കുറ്റമറ്റ ജാഗ്രതാ സംവിധാനം ഉറപ്പാക്കുന്ന ചുമതല വില്ലേജ് ഓഫീസര്‍മാര്‍ക്കാണ്.ന്യൂനമർദ്ദം ദുർബലമാകുന്നുണ്ടെങ്കിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മാന്നാർ കടലിടുക്കിൽ എത്തിയ അതിതീവ്ര ന്യൂനമർദം കഴിഞ്ഞ 18  മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി 9.1° N അക്ഷാംശത്തിലും 78.6°E രേഖാംശത്തിലും തന്നെ തുടരുകയാണ്.