സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് ലഭിക്കാത്തവർ ഉദ്യോഗസ്ഥരെ ബന്ധപ്പെടണം;സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ.



തിരുവനന്തപുരം: കോവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും ഏർപ്പെടുത്തിയ സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് ലഭിക്കാത്ത സ്‌പെഷ്യൽ വോട്ടർമാർ അതാത് വരണാധികാരിയെയോ ഉപവരണാധികാരിയെയോ (തദ്ദേശ ഭരണസ്ഥാപന സെക്രട്ടറി / അസി. സെക്രട്ടറി) ഫോണിൽ ബന്ധപ്പെടണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഫോൺ നമ്പർ സ്‌പെഷ്യൽ വോട്ടർമാർക്ക് ലഭിക്കുന്ന തരത്തിൽ പരസ്യപ്പെടുത്താൻ തദ്ദേശ ഭരണസ്ഥാപന സെക്രട്ടറിമാർ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. ഉദ്യോഗസ്ഥരുടെ ഫോൺ നമ്പർ റെസിഡൻസ് അസോസിയേഷനുകളുടെയും മറ്റ് സാമൂഹ്യ സംഘടനകളുടെയും വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകൾ മുഖാന്തിരവും പ്രചരിപ്പിക്കാം. സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് വിതരണം സമയബന്ധിതമായി പൂർത്തിയാക്കാനാണ് നടപടി.

    ഡിസംബർ രണ്ടിന് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് വിതരണം പുരോഗമിക്കുകയാണ്. സ്‌പെഷ്യൽ പോൡഗ് ഓഫീസറുടെ നേതൃത്വത്തിൽ സ്‌പെഷ്യൽ വോട്ടർമാർക്ക് താമസ സ്ഥലത്തെത്തിയാണ് ബാലറ്റ് വിതരണം ചെയ്യുന്നത്. വോട്ടു രേഖപ്പെടുത്തിയ ശേഷം സ്‌പെഷ്യൽ പോൡഗ് ഓഫീസർക്ക് നേരിട്ടോ വരണാധികാരിക്ക് തപാൽ മാർഗമോ ആൾവശമോ ബാലറ്റ് എത്തിക്കാം. ഡെസിഗ്നേറ്റഡ് ഹെൽത്ത് ഓഫീസർമാർ തയ്യാറാക്കിയ സർട്ടിഫൈഡ് ലിസ്റ്റിലുള്ളവർക്കാണ് സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് അനുവദിച്ചത്.