ശബരിമല: കോവിഡ് പശ്ചാത്തലത്തിൽ പ്രതിരോധ നിർദ്ദേശങ്ങളുടെ ഭാഗമായി ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിൽ തീർത്ഥാടകരുടെ എണ്ണം കുറഞ്ഞതോടെ ദേവസ്വം ബോർഡിന് കനത്ത വരുമാന നഷ്ടം. നടവരവിലും അപ്പം,അരവണ വിൽപ്പനയിലും വരുമാന നഷ്ടമാണ് ഇത്തവണ ദേവസ്വം ബോർഡിന് ഉണ്ടായിരിക്കുന്നത്. മണ്ഡല കാലം ആരംഭിച്ചത് മുതൽ ഇതുവരെയുള്ള വരുമാനം 4.53 കോടി രൂപ മാത്രം ആണെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. കഴിഞ്ഞ വർഷം ഈ സമയം നടവരവ് 91 കോടി രൂപയായിരുന്നു.
നടതുറന്ന് വെള്ളിയാഴ്ച്ച വരെ ദർശനം നടത്തിയത് 40,000 പേർ മാത്രമാണെന്നും ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു. ലേലത്തിൽ പോകാത്ത മുഴുവൻ കടകളും വീണ്ടും ലേലത്തിൽ വയ്ക്കാൻ ദേവസ്വം ബോർഡ് തീരുമാനമെടുത്തിട്ടുണ്ട്. തീര്‍ത്ഥാടകരുടെ എണ്ണം സർക്കാർ ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് കടകള്‍ വീണ്ടും ലേലത്തിന് വെയ്ക്കാൻ ദേവസ്വം ബോർഡ് പരിഗണിക്കുന്നത്.