ഒറ്റക്കാലിൽ ഊന്നുവടിയുടെ സഹായത്തോടെ 22–ാം വർഷവും ആന്ധ്രയിൽ നിന്ന് 800 കിലോമീറ്റർ കാൽനടയായി അയ്യപ്പ ദർശനത്തിനായി സുരേഷെത്തി.


ശബരിമല; ഒറ്റക്കാലിൽ ഊന്നുവടിയുടെ സഹായത്തോടെ 22–ാം വർഷവും ആന്ധ്രയിൽ നിന്ന് 800 കിലോമീറ്റർ കാൽനടയായി അയ്യപ്പ ദർശനത്തിനായി സുരേഷെത്തി. കോവിഡ് പ്രതിസന്ധിയിലും ആന്ധ്രായിൽ നിന്നും  800 കിലോമീറ്റർ കാൽനടയായി സുരേഷ് എത്തിയതിനു പിന്നിൽ ഒരു കാരണമുണ്ട്. പത്ത് വർഷം മുൻപ് ഉണ്ടായ അപകടത്തിൽ ഒരു കാൽ നഷ്ടപ്പെട്ടെങ്കിലും ജീവൻ തിരിച്ചു കിട്ടിയതിന് അയ്യപ്പനോടുളള വഴിപാടായിട്ടാണ് കാൽനടയായി അയ്യപ്പ ദർശനത്തിനായി എല്ലാ വർഷവും സുരേഷ് എത്തുന്നത്. 74 ദിവസംകൊണ്ടാണ് സുരേഷ് സ്വദേശമായ  ആന്ധ്രായിലെ നെല്ലൂരിൽ നിന്നും ശബരിമലയിൽ എത്തിയത്. വെർച്വൽ ക്യു വഴി ബുക്കിങ് ചെയ്യുന്ന കാര്യം സുരേഷിന് അറിവുണ്ടായിരുന്നില്ല. തിരുപ്പതിയിൽ എത്തിയപ്പോഴാണ് വെർച്വൽ ക്യു വഴി ദർശനത്തിനായി ബുക്ക് ചെയ്യണം എന്നകാര്യം സുരേഷ് അറിയുന്നത്. 

    ബുക്കിങ് ചെയ്തിരുന്നില്ലെങ്കിലും അയ്യപ്പനെ മനസ്സിൽ ധ്യാനിച്ചു മുൻപോട്ട് നടക്കുകയായിരുന്നു എന്നും ദർശനത്തിനായി അയ്യപ്പൻ വഴിയൊരുക്കും എന്ന വിശ്വാസവും സുരേഷിനെ കൈവിട്ടില്ല. കമ്പത്ത്  എത്തിയപ്പോഴാണ് സർക്കാർ തീർത്ഥാടകരുടെ എണ്ണം ഉയർത്തിയതായി അറിഞ്ഞത്. അവിടെ നിന്നും വെർച്വൽ ക്യു ബുക്ക് ചെയ്യുകയായിരുന്നു. കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് സുരേഷ് ദർശനത്തിനായി എത്തിയത്. തുടർന്ന് നിലയ്ക്കലിലും കോവിഡ് പരിശോധനയ്ക്ക് ശേഷം സന്നിധാനത്തെത്തി ദർശനം നടത്തി.