പാലാ: രാഷ്ട്രീയത്തിന് അതീതമായി നാടിന്റെ വികസന കാര്യങ്ങളിൽ ഒന്നിച്ച് മുന്നോട്ട് പോകുമെന്ന് ഷോൺ ജോർജ്. തദ്ദേശ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ ഡിവിഷനിൽ നിന്നും കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചു വിജയിച്ച ശേഷം പാലാ എംഎൽഎ മാണി.സി.കാപ്പനുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.എംഎൽഎ യുടെ വസതിയിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച്ച. പാലാ നിയോജക മണ്ഡലത്തിലെ നാല് പഞ്ചായത്തുകൾ ഉൾപ്പെടുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷൻ ആയതിനാൽ തന്നെ അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാനും വികസന കാര്യങ്ങളിൽ എം. എൽ. എ. യ്ക്ക് എല്ലാ പിന്തുണയും അറിയുക്കുവാനുമാണ് അദ്ദേഹത്തെ സന്ദർശിച്ചത് എന്ന് ഷോൺ ജോർജ് പറഞ്ഞു.
മേച്ചാൽ-നെല്ലാപാറ-മൂന്നിലവ് റോഡ്, മേലുകാവ്-ഇലവീഴാപൂഞ്ചിറ റോഡ്, തീക്കോയി-ചാമപാറ-വെള്ളാനി റോഡ്, തീക്കോയി-തലനാട് റോഡ് ഉൾപ്പടെ റോഡുകളുടെ നവീകരണത്തെ സംബന്ധിച്ചു എം. എൽ. എ. യുമായി ചർച്ച നടത്തി. മേലുകാവ്, മൂന്നിലവ്, തലനാട്, തീക്കോയി ഉൾപ്പെടെയുള്ള മലയോര മേഖലയിലെ വലിയ ജലക്ഷാമത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാൻ ഒരുമിച്ചുള്ള മുന്നേറ്റം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.