പാലാ: പാലാ സബ് കോടതി, എം എ സി ടി കോടതി എന്നിവയുടെ സിൽവർ ജൂബിലി ആഘോഷ സമ്മേളനം മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു. കോടതികളുടെ നീതിപൂർവ്വകമായ ഇടപെടലുകളാണ് ജനാധിപത്യ സംവിധാനത്തിൻ്റെ ജീവശ്വാസം എന്ന് മാണി സി കാപ്പൻ പറഞ്ഞു. പാലാ ബാർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പാലാ സബ് കോടതി, എം എ സി ടി കോടതി എന്നിവയുടെ സിൽവർ ജൂബിലി ആഘോഷസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീതി നിഷേധം നടക്കുമ്പോൾ ജനം ആശ്രയിക്കുന്നത് കോടതികളെയാണ്. ജനങ്ങൾക്കു കോടതികളിൽ ഉള്ള വിശ്വാസമാണ് ഇതിന് കാരണം, ഈ വിശ്വാസം നിലനിർത്തേണ്ടത് അനിവാര്യമാണ്. ജനാധിപത്യ സംവീധാനം പരീക്ഷണഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ കോടതികൾക്കുള്ള സ്ഥാനം നിർണ്ണായകമാണ് എന്നും അദ്ദേഹം പറഞ്ഞു. ജൂബിലി വർഷത്തോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച സ്മരണിക ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ ജോസഫ് കണ്ടത്തിലിന് നൽകി പ്രകാശനം ചെയ്തു.
ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ ജോസഫ് കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. സബ് ജഡ്ജ് ലിഷ എസ്, അഡ്വ സി ജെ ഷാജി, അഡ്വ റോജൻ ജോർജ്, അഡ്വ ജോസ് ജെ പടിഞ്ഞാറെമുറി, അഡ്വ പി പി വിജയൻ എന്നിവർ പ്രസംഗിച്ചു.