കോട്ടയം: സിസ്റ്റർ അഭയ കൊലക്കേസിൽ 28 വർഷങ്ങൾക്ക് ശേഷം പ്രത്യേക സിബിഐ കോടതി ഇന്ന് വിധി പറയും. 1992 മാർച്ച് 27-നാണ് കോട്ടയം പയസ്സ് ടെൻത് കോൺവെന്റിലെ കിണറ്റിൽ സിസ്റ്റർ അഭയയുടെ മൃതദേഹം കണ്ടെത്തിയത്. ആദ്യം കേസ് അന്വേഷിച്ച പോലീസും ക്രൈംബ്രാഞ്ചും മരണം ആത്മഹത്യ എന്നാണു കണ്ടെത്തിയത്. എന്നാൽ പിന്നീട് നടന്ന സിബിഐ അന്വേഷണത്തിലാണ് മരണം കൊലപാതകമെന്ന് കണ്ടെത്തിയത്. ശാസ്ത്രീയ തെളിവുകളെയാണ് സിബിഐ ഈ കേസിനായി കൂടുതലായും ആശ്രയിച്ചത്. കേസിലെ 49 സാക്ഷികളിൽ 8 സാക്ഷികൾ പലപ്പോഴായി കൂറുമാറിയിരുന്നു. 1992 മേയ് 18നാണ് സിബിഐ കേസ് ഏറ്റെടുക്കുന്നത്. ഫാദർ തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിൽ വിചാരണ നേരിട്ട പ്രതികൾ. വര്ഷങ്ങളുടെ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് കേസിൽ ഇന്ന് വിധി പറയുന്നത്. ഒരു വർഷം മുൻപാണ് കേസിൽ വിചാരണ ആരംഭിച്ചത്. 2009 ൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും 10 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിചാരണ ആരംഭിച്ചത്. ഫാ.ജോസ് പിതൃക്കയിലിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. തിരുവനന്തപുരം സിബിഐ കോടതിയാണ് വിധി പറയുന്നത്. പ്രതികള്‍ തമ്മിലുള്ള ശാരീരിക ബന്ധം കണ്ടതു കൊണ്ടാണ് അഭയയെ കൊലപ്പെടുത്തി കിണറ്റിലിട്ടതെന്നാണ് സിബിഐ കേസ്.
സിസ്റ്റർ അഭയ കൊലക്കേസ്: 28 വർഷങ്ങൾക്ക് ശേഷം പ്രത്യേക സിബിഐ കോടതി ഇന്ന് വിധി പറയും.