തിരുവനന്തപുരം: മതസ്പര്‍ധ വളര്‍ത്താനാണ് സിപിഎമ്മിന്‍റെയും മുഖ്യമന്ത്രിയുടെയും നീക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിന്റേത് ബിജെപിയെ വളര്‍ത്താനുള്ള സൃഗാലതന്ത്രമെന്നും തിരഞ്ഞെടുപ്പിലും അതിന് ശേഷവും വര്‍ഗീയ ചേരിതിരിവിനാണ് സിപിഎം ശ്രമിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. യുഡിഎഫ് അപ്രസക്തമായെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ സംസാരിക്കുകയായിരുന്നു യുഡിഎഫ് മുന്നണി നേതൃത്വം.
തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നൊരുക്കങ്ങളിലുണ്ടായ പാളിച്ചകൾ തിരുത്താനും നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ആരംഭിക്കാനും യുഡിഎഫ് ഏകോപന സമിതി യോഗം തീരുമാനിച്ചതായും രമേശ് ചെന്നിത്തല പറഞ്ഞു. സംഘടനാപരമായ വിഷയങ്ങളും, കോവിഡ് കാരണം പരമ്പരാഗത പ്രചാരണത്തിനു തടസമുണ്ടായതും തിരിച്ചടിക്കു കാരണമായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എൽഡിഎഫ് വർഗീയ പ്രചാരണം നടത്തി ജനങ്ങളിൽ ഭിന്നതയുണ്ടാക്കി. യുഡിഎഫ് അപ്രസക്തമാകുന്നു എന്ന മുഖ്യമന്ത്രിയുടെ കള്ളപ്രചാരണത്തെ യുഡിഎഫ് മുന്നണി നേതൃത്വം ശക്തമായി അപലപിച്ചു.
മധ്യകേരളത്തിൽ ജോസഫ് വിഭാഗത്തിനു തിരഞ്ഞെടുപ്പിൽ മേൽകൈ ഉണ്ടായിട്ടുണ്ട്. അവരുടെ സ്വാധീനം വർധിപ്പിക്കാൻ കഴിഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നോക്കുമ്പോൾ വിജയം കൈവരിക്കാൻ കഴിഞ്ഞു. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് വിജയം നേടാനാകാത്തതിൽ വിഷമം ഉണ്ട് എന്നും ജോസഫ് വിഭാഗത്തിനെതിരെ ബോധപൂർവമായ പ്രചാരണം ചിലർ നടത്തുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ശരിയായ രാഷ്ട്രീയം പ്രതിഫലിപ്പിക്കാൻ ഈ തിരഞ്ഞെടുപ്പിനു കഴിഞ്ഞിട്ടില്ലെന്നു ചെന്നിത്തല പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ സർക്കാരിനെതിരെയുള്ള ജനവികാരം അറിയാൻ കഴിയും. സർക്കാർ അഴിമതിയിൽ മുങ്ങി നിൽക്കുകയാണ്. അതെല്ലാം തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം കൊണ്ട് ഇല്ലാതായെന്ന എൽഡിഎഫ് വാദം നിരർഥകമാണ്. ബിജെപി ക്ലച്ച് പിടിക്കില്ലെന്ന് ഈ തിരഞ്ഞെടുപ്പിലൂടെ വ്യക്തമാക്കി. ബിജെപിയെ വളർത്താനുള്ള തന്ത്രമാണ് സിപിഎം സ്വീകരിക്കുന്നത്. ശബരിമല വിഷയം മുതൽ ബിജെപിയെ മുഖ്യപ്രതിപക്ഷമാക്കാനാണ് എല്‍ഡിഎഫ് ശ്രമിച്ചത്. ബിജെപി രാഷ്ട്രീയം തിരിച്ചറിയാനുള്ള മനസ് കേരളീയർക്കുണ്ട്. യുഡിഎഫ് വര്‍ധിത വീര്യത്തോടെ സർക്കാരിനെതിരെ പോരാടും. അഴിമതിരഹിതമായ, കാര്യങ്ങൾ തുറന്നുപറയാൻ കഴിയുന്ന ഭരണമാണ് ജനങ്ങൾ ആഗ്രിക്കുന്നത്.
21ന് എല്ലാ ജില്ലകളിലും യുഡിഎഫ് യോഗം ചേരും. ജനുവരി 9ന് ഏകോപന സമിതി യോഗം ചേരും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടുമെന്നും ചെന്നിത്തല പറഞ്ഞു. കെപിസിസി പ്രസിഡന്റിന്റെ കാര്യത്തിൽ ലീഗ് ഇടപെടുന്നു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയല്ല എൽഡിഎഫ് വർഗീയ കാർഡിറക്കുകയാണോ എന്ന് സംശയമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മറ്റൊരു പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളിൽ ലീഗ് ഇടപെടാറില്ല. യുഡിഎഫിനു ആത്മവിശ്വാസത്തിനു കുറവില്ല. വിജയത്തിൽ എൽഡിഎഫ് അഹങ്കരിക്കുന്നതിൽ കാര്യമില്ല. സിപിഎമ്മും ബിജെപിയും മാത്രമേ കേളത്തിലുള്ളൂ എന്ന പുതിയ പ്രചാരണവുമായി അവർ ഇറങ്ങിയാൽ കണക്കു തെറ്റും. നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗത്തിന് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞതായി മോൻസ് ജോസഫ് പറഞ്ഞു.